കൊച്ചി: കെഎല്‍എഫ് നിര്‍മല്‍ വെളിച്ചെണ്ണയ്ക്കെതിരേ യുട്യൂബ് ചാനലിലൂടെ വ്യാജപ്രചാരണം നടത്തിയതിന് കെഎല്‍എഫ് നിര്‍മല്‍ ഇന്‍ഡസ്ട്രീസ് നല്കിയ പരാതിയില്‍ എതിര്‍കക്ഷികള്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരാണെന്ന് എറണാകുളം ചീഫ് ജുഡീഷല്‍ മജിസ്ട്രേട്ട് കണ്ടെത്തി. തുടര്‍നടപടികളുടെ ഭാഗമായി മാര്‍ച്ച് 21ന് എതിര്‍കക്ഷികളോടു ഹാജരാകാന്‍ മജിസ്ട്രേട്ട് പി.പി. പ്രിയാ ചന്ദ് ഉത്തരവിട്ടു.
2019 ഒക്ടോബര്‍ 20ന് യുട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത വീഡിയോയിലാണ് കെഎല്‍എഫ് നിര്‍മല്‍ കോക്കോനാട് വെളിച്ചെണ്ണയില്‍ മായമുണ്ടെന്നും അതില്‍ മെഴുകിന്റെ അംശമുണ്ടെന്നുമുള്ള വ്യാജപ്രചാരണം നടത്തിയത്. ഇന്ത്യന്‍ ശിക്ഷാനിയമം 500 വകുപ്പ് പ്രകാരം ശിക്ഷ വിധിക്കാവുന്ന വിധത്തിലുള്ള കുറ്റമാണ് എതിര്‍കക്ഷികള്‍ ചെയ്തിരിക്കുന്നതെന്നും ഉത്തരവില്‍ നിരീക്ഷിച്ചിട്ടുണ്ട്.
ഫാറ്റി ആസിഡുകളുടെ തന്മാത്രകളാണ് വെളിച്ചെണ്ണയുടെ ഉള്ളടക്കം. താപനില 25 ഡിഗ്രി സെല്ഷസില്നിന്നു താഴേക്കു പോകുമ്പോള്‍ ഈ ഫാറ്റി ആസിഡുകള്‍ കട്ട പിടിക്കാന്‍ തുടങ്ങുന്നു. പിന്നീട് ഇവ ചെറിയ ഗോളങ്ങളായി (ഗ്രാന്യൂള്‍സ്) താഴേയ്ക്കടിയുന്നു. ഇങ്ങനെ രൂപപ്പെട്ട ഖരവസ്തുവിനെയാണ് പാരഫിന്‍ വാക്സ് എന്നു കാണിച്ചു വ്യാജപ്രചാരണം നടത്തിയതെന്ന് കെഎല്‍എഫ് നിര്‍മല്‍ ഇന്‍ഡസ്ട്രീസ് മാനേജിംഗ് ഡയറക്ടര്‍ പോള്‍ ഫ്രാന്‍സിസ് പറഞ്ഞു. ശുദ്ധമായ വെളിച്ചെണ്ണ നിര്മാതാക്കളെന്നു പേരുകേട്ട കെഎല്‍എഫിന്റെ വില്പനയില് വ്യാജപ്രചാരണം മൂലം ഗണ്യമായ ഇടിവുണ്ടായെന്നു ചൂണ്ടിക്കാട്ടിയാണ് കമ്പനി നിയമനടപടികള്‍ സ്വീകരിച്ചത്.
കെഎല്‍എഫ് വെളിച്ചെണ്ണയ്ക്കെതിരേ വ്യാജപ്രചാരണം: എതിര്‍കക്ഷികള്‍ ഹാജരാകണം
11:29 PM Jan 25, 2020 | Deepika.com