കോട്ടയം: വൈദ്യുതി വാഹനം രൂപകൽപ്പന ചെയ്ത് പുറത്തിറക്കിയിരിക്കുകയാണ് കോട്ടയം പാത്താമുട്ടം സെന്റ് ഗിറ്റ്സ് എൻജിനിയറിംഗ് കോളേജിലെ ഇലക്ട്രിക്കൽ എൻജിനിയറിംഗ് വിഭാഗത്തിലെ വിദ്യാർഥികളും അധ്യാപകരും. ’E-WOUK (ഇ- വൗക്ക്) എന്ന് പേരിട്ടിരിക്കുന്ന ഈ വാഹനം കോളജ് കാന്പസിൽ സെന്റ് ഗിറ്റ്സിന്റെ ചെയർമാൻ പുന്നൂസ് ജോർജും ഡയറക്ടർ തോമസ് ടി. ജോണും പുറത്തിറക്കി.
ഇലക്ട്രിക്കൽ ആന്‍ഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രഫസർമാരായ പോളി തോമസിന്റെയും എൻ. ശ്രീലാലിന്റെയും നേതൃത്വത്തിലാണ് ടീം ക്യാപ്റ്റൻ റോജൻ അലക്സ് മാത്യുവും സംഘവും വാഹനം നിർമിച്ചിരിക്കുന്നത്. പൂർണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഈ വാഹനം, കേരളത്തിലെ എൻജിനിയറിംഗ് കോളജുകളിൽ ഏറ്റവും ആദ്യം പുറത്തിറങ്ങുന്ന ഒന്നാണ് എന്ന സവിശേഷതകൂടിയുണ്ട്. ഒരു ഫുൾ ചാർജിന് രണ്ടു മണിക്കൂർ എടുക്കുന്ന വണ്ടിയിൽ 48 വി 110 എച്ച് ലിഥിയം - അയണ്‍ ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഒറ്റ ഫുൾ ചാർജിൽ 100 കിലോമീറ്ററിൽ കൂടുതൽ സഞ്ചരിക്കാൻ കഴിയും. മധ്യപ്രദേശിൽ മഹീന്ദ്രയുടെ റേസിംഗ് ട്രാക്കിൽ നടക്കുന്ന രാജ്യാന്തര മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയിരിക്കുകയാണ് ഈ വാഹനം.
ഇ -വൗക്ക് വൈദ്യുതി വാഹനവുമായി എൻജിനിയറിംഗ് കോളജ് വിദ്യാർഥികൾ
11:29 PM Jan 14, 2020 | Deepika.com