മയാമി /കോട്ടയം: അമേരിക്കയിലെ ഫ്ലോറിഡ ബോർഡ് ഓഫ് പ്രഫഷണൽ എൻജിനിയേഴ്സിന്റെ ചെയർമാനായി മലയാളി നിയമിതനായി. തൃശൂർ അയ്യന്തോൾ സ്വദേശിയായ ബാബു വർഗീസാണ് ഈ പദവിയിൽ നിയമിതനായത്. ആദ്യമായാണ് ഒരു ഇന്ത്യൻ വംശജൻ ഫ്ളോറിഡ സംസ്ഥാന എൻജിനിയറിംഗ് ബോർഡ് ചെയർമാൻ പദവിയിൽ നിയമിതനാകുന്നത്. ബോർഡിന്റെ വൈസ് ചെയർമാൻ എന്ന നിലയിൽ പ്രവർത്തിച്ചു വരുന്പോഴാണ് പുതിയ നിയമനം. ഒരു വർഷമാണ് കാലാവധി. സംസ്ഥാനത്തെ എൻജിനിയറിംഗ് നിർമാണ പ്രവർത്തനം കാര്യക്ഷമമാക്കുകയാണു ബോർഡിന്റെ ലക്ഷ്യം.
1984ൽ കൊച്ചിൻ ശാസ്ത്രസാങ്കേതിക സർവ്വകലാശാലയിൽനിന്ന് എൻജിനിയറിംഗ് ബിരുദം നേടിയ ബാബു വർഗീസ് അമേരിക്കയിൽനിന്ന് എൻജിനിയറിംഗിൽ മാസ്റ്റർ ബിരുദം നേടിയിട്ടുണ്ട്. അമേരിക്കയിലെ 18 സംസ്ഥാനങ്ങളിൽ എൻജിനിയറിംഗ് ലൈസൻസുള്ള ഇദ്ദേഹം നിരവധി ഷോപ്പിംഗ് മാളുകളും കെട്ടിടങ്ങളും രൂപകല്പന ചെയ്തിട്ടുണ്ട്.
പാലായിൽ പാലാ നഗരസഭ മൂന്നാനി ലോയേഴ്സ് ചേംബർ റൂട്ടിൽ അനുവദിച്ച സ്ഥലത്തു മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ നിർമിക്കുന്ന ഗാന്ധി സ്ക്വയറിന്റെ രൂപകല്പന നിർവഹിക്കുന്നതും ബാബു വർഗീസാണ്. ഫ്ളോറിഡയിലും കേരളത്തിലുമായി എണ്‍പതോളം എൻജിനിയർമാർ ജോലി ചെയ്യുന്ന ആപ്ടെക് എൻജിനിയറിംഗ് ഇൻ കോർപറേഷന്റെ പ്രസിഡന്റാണ്. തൃശൂർ അയ്യന്തോൾ കരേരകാട്ടിൽ വറീത് -സെലീന ദന്പതികളുടെ മകനാണ്. ഭാര്യ ആഷ. മക്കൾ: എൻജിനിയർമാരായ ജോർജ്, ആൻമേരി, വിദ്യാർഥിയായ പോൾ.
ഫ്ളോറിഡ എൻജിനിയറിംഗ് ബോർഡ് ചെയർമാനായി മലയാളി
12:02 AM Jan 14, 2020 | Deepika.com