കൊച്ചി: അസറ്റ് ഹോംസ് അവതരിപ്പിച്ച 96 ചതുരശ്രയടി അടി മാത്രം വിസ്തീർണമുള്ളള്ള ഫ്ളാറ്റ് ഭവനനിർമാണ രംഗത്തെ പരന്പരാഗത ധാരണകളെ പൊളിച്ചെഴുതുമെന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ.
കൊച്ചിയിലാരംഭിച്ച കൊച്ചി ഡിസൈൻ വീക്കിന്റെ ഭാഗമായി എറണാകുളം എംജി റോഡിലെ രവിപുരത്ത് കൊച്ചി ഡിസൈൻ വീക്ക് പങ്കാളി കൂടിയായ അസറ്റ് ഹോംസ് അവതരിപ്പിച്ച 96 ചതുരശ്ര യടിയിലെ സെൽഫി ഫ്ളാറ്റിന്റെ രൂപമാതൃക ഇൻഫോസിസിസ് സഹസ്ഥാപകൻ എസ്.ഡി ഷിബുലാലുമായിച്ചേർന്ന് ഉദ്ഘാടനം ചെയതു പ്രസംഗിക്കുകയായിരുന്നു സ്പീക്കർ.
പാർപ്പിടങ്ങൾക്കു വിലയേറിവരുന്ന ഇക്കാലത്ത് ഒരുപാടാളുകൾക്കു സ്വന്തം പാർപ്പിടമെന്നത് താങ്ങാനാകാത്ത അവസ്ഥയിലേക്ക് നീങ്ങുകയാണെന്നും ഈ സാഹചര്യത്തിൽ എല്ലാ സംവിധാനങ്ങളുമുൾപ്പെട്ട ഇങ്ങനെയൊരു ഡിസൈൻ ജനങ്ങൾക്ക് ഏറെ ഉപകാരപ്പെടുമെന്നും ഷിബുലാൽ പറഞ്ഞു.
രവിപുരത്ത് എംജി റോഡിലുള്ള അസറ്റ് മൂണ്ഗ്രേസ് പദ്ധതിയുടെ സൈറ്റിൽ നിർമിച്ചിരിക്കുന്ന ഈ രൂപമാതൃക പൊതുജനങ്ങൾക്കു സൗജന്യമായി കാണാവുന്നതാണെന്ന് അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടർ വി. സുനിൽകുമാർ പറഞ്ഞു.
12 അടി നീളവും 8 അടി വീതിയുമുള്ള ഈ ഫ്ളാറ്റിൽ മടക്കി വയ്ക്കാവുന്ന രീതിയിലാണ് കട്ടിലും ബെഡും മറ്റു സൗകര്യങ്ങളും ഒരുക്കിയിട്ടുള്ളത്. ഐടി പാർക്കുകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ മേഖലകളിൽ ഫലപ്രദമായി നടപ്പാക്കാൻ കഴിയുന്നതാണ് ഈ ഡിസൈൻ. കുറഞ്ഞ ചെലവിൽ ഇത് ലഭ്യമാക്കാൻ കഴിയുമെന്നും സുനിൽകുമാർ പറഞ്ഞു.
അസറ്റിന്റെ 96 ചതുരശ്രയടി ഫ്ളാറ്റ് പരന്പരാഗത ധാരണകളെ പൊളിച്ചെഴുതുമെന്നു സ്പീക്കർ
12:08 AM Dec 14, 2019 | Deepika.com