കൊച്ചി: ഡിസൈൻ, വാസ്തുവിദ്യാ വാർഷിക സമ്മേളനമായ കൊച്ചി ഡിസൈൻ വീക്ക് ത്രിദിന ഉച്ചകോടിക്കു നാളെ കൊച്ചി ബോൾഗാട്ടി പാലസിൽ തുടക്കമാകും. സംസ്ഥാന ഇലക്ട്രോണിക്സ്-ഐടി വകുപ്പിന്റെ അഭിമുഖ്യത്തിൽ അസെറ്റ് ഫൗണ്ടേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഉച്ചകോടിയിൽ ഡിസൈൻ രംഗത്തെ അന്താരാഷ്ട്ര വിദഗ്ധരുൾപ്പെടെ മൂവായിരത്തിൽപ്പരം പേർ പങ്കെടുക്കും.
ആദ്യദിനം രൂപകല്പനയിൽ അടിസ്ഥാനമായ ചർച്ചകളാണ് ഉണ്ടാകുക. 13, 14 തീയതികളിലെ ചർച്ചകൾ വാസ്തുകലയുമായി ബന്ധപ്പെട്ടാകും. ഉച്ചകോടിയോടനുബന്ധിച്ച് നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ പ്രത്യേകം രൂപകല്പന ചെയ്ത പ്രതിഷ്ഠാപനങ്ങൾ സ്ഥാപിക്കും. വർണാഭമായ ഡിസൈൻ നൽകിയിട്ടുള്ള ഓട്ടോ റിക്ഷകൾ, പൊതുയിടങ്ങളിൽ ആവശ്യമായ ഇരിപ്പിടങ്ങൾ, ബസ് ഷെൽട്ടറുകൾ തുടങ്ങിയവയുടെ മാതൃകകളും നഗരത്തിന്റെ വിവിധയിടങ്ങളിൽ ഒരുക്കും.
വാസ്തുകല, അകത്തള രൂപകല്പന തുടങ്ങിയ വിഷയങ്ങളിൽ പ്രത്യേക ചർച്ചകളും നടക്കും. സ്റ്റാർട്ടപ്പുകൾക്കായി മേക്കർ ഫെസ്റ്റ്, വിദ്യാർഥികൾക്കായി ഡിസൈൻ ചലഞ്ച്, ഭക്ഷണ വിഭവങ്ങളുടെ ഫുഡ് ഡിസൈൻ ഫെസ്റ്റ്, സംഗീതനിശ തുടങ്ങിയ പരിപാടികളും അരങ്ങേറും. സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും.
കൊച്ചി ഡിസൈൻ വീക്കിനു നാളെ തുടക്കം
12:01 AM Dec 11, 2019 | Deepika.com