കൊച്ചി: ടോളിൻസ് ടയേഴ്സിന്റെ ‘ഹെൽമെറ്റ് ധരിക്കൂ സുരക്ഷ ഉറപ്പാക്കൂ’ എന്ന ഹെൽമെറ്റ് ബോധവത്കരണ പദ്ധതിക്ക് തുടക്കമായി. കൊച്ചി റിനൈ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ടോളിൻസ് ടയേഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. കെ.വി. ടോളിൻ അധ്യക്ഷനായിരുന്നു. സിനിമാ താരം വിജയ് ബാബു, ടോളിൻസ് ടയേഴ്സ് ജനറൽ മാനേജർ ഏബ്രഹാം കുരുവിള, ഡിജിഎം ജെസ്റ്റോ പോൾ എന്നിവർ പ്രസംഗിച്ചു. കേരളത്തിലെ 14 ജില്ലകളിലായി 15 കസ്റ്റമർ സപ്പോർട്ട് വാഹനങ്ങളിലാണ് ‘ഹെൽമെറ്റ് ധരിക്കൂ’ സുരക്ഷ ഉറപ്പാക്കു എന്ന സന്ദേശം ഉൾക്കൊള്ളിച്ചിരിക്കുന്നത്.
ടോളിൻസ് ടയേഴ്സ് സ്ഥാപിതമായി 37 വർഷങ്ങൾ പിന്നിടുന്ന അവസരത്തിൽ ബിപിഎൽ കാർഡ് ഉടമകൾ, ഭിന്നശേഷിക്കാരായവർ, കർഷകർ എന്നിവർക്ക് 13,307 ഓട്ടോ, ഇരുചക്രവാഹനങ്ങളുടെ ടയറുകൾ 50 ശതമാനം നിരക്കിൽ വിതരണം ചെയ്യുന്ന റ്റി ഫോർ താങ്ക് യു പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
കേരളത്തിലെ ടയർ ഷോപ്പുകൾ വഴി ടോളിൻസ് ടയേഴ്സിന്റെ വെബ്സൈറ്റിൽ ജനുവരി ഒന്നു മുതൽ 31 വരെ വരെ രജിസ്റ്റർ ചെയ്യുന്നവർക്കാണ് 50 ശതമാനം നിരക്കിൽ ടയറുകൾ ലഭിക്കുക. കൂടാതെ കേരള സർക്കാരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കർഷക സംഘങ്ങൾക്കും 50 ശതമാനം നിരക്കിൽ ടയറുകൾ ലഭിക്കും.
ഹെൽമെറ്റ് ബോധവത്കരണവുമായി ടോളിൻസ് ടയേഴ്സ്
11:55 PM Dec 07, 2019 | Deepika.com