2019-20 ധനകാര്യവർഷത്തെ രണ്ടാം ത്രൈമാസത്തിലെ സാന്പത്തിക (ജിഡിപി) വളർച്ച 4.5 ശതമാനത്തിലേക്കു താണു. ആദ്യ ത്രൈമാസത്തിൽ അഞ്ചു ശതമാനമായിരുന്നു വളർച്ച. 2018-19 ലെ 6.8 ശതമാനത്തിൽനിന്നു വളരെ താഴെയാകും ഇക്കൊല്ലം വളർച്ച. ഇന്ത്യയുടെ റേറ്റിംഗ് വരെ താഴാവുന്ന തരത്തിലേക്കു കാര്യങ്ങൾ പോകുന്നു. സമീപഭാവിയിൽ വലിയ ആശ്വാസം പ്രതീക്ഷിക്കാനില്ലെന്നാണു പ്രഗത്ഭ നിരീക്ഷകർ പറയുന്നത്. ജിഡിപി കണക്കിനെപ്പറ്റിയുള്ള പ്രതികരണങ്ങളിലൂടെ...
സന്പദ്ഘടന ഇത്രകണ്ടു മന്ദഗതിയിലായത് വിനാശകരമായ പ്രത്യാഘാതങ്ങൾ ഉളവാകും.
ഡോ. മൻമോഹൻ സിംഗ് , മുൻ പ്രധാനമന്ത്രി
മൂന്നാം ത്രൈമാസത്തിലും വളർച്ച മെച്ചമായിരിക്കില്ല. 4.5 ശതമാനത്തിലും താഴെയായിരിക്കും.
പി. ചിദംബരം, മുൻ ധനമന്ത്രി
സാന്പത്തികരംഗത്തെ ഉണർവ് ഈ മാസങ്ങളിൽ ദുർബലമായിരിക്കും. ഒക്ടോബർ-ഡിസംബർ ത്രൈമാസത്തിൽ വളർച്ച 4.5-5.0 ശതമാനം മേഖലയിലായിരിക്കും. 2019-20 ലെ ജിഡിപി വളർച്ച അഞ്ചു ശതമാനത്തിനടുത്തു മാത്രം പ്രതീക്ഷിച്ചാൽ മതി.
കൗശിക് ദാസ്, ഡോയിഷ് ബാങ്ക്
പ്രധാന സൂചകങ്ങളെല്ലാം കാണിക്കുന്നത് ഒക്ടോബർ വളരെ മോശമായിരുന്നു എന്നാണ്. ഒക്ടോബർ-ഡിസംബർ ത്രൈമാസത്തിൽ വളർച്ച നാലു ശതമാനമായി കുറഞ്ഞേക്കാം. അതിനു ശേഷമേ തിരിച്ചു കയറൂ. 2019-20 ലെ ജിഡിപി വളർച്ച 4.5 ശതമാനമാകുമെന്നു കരുതുന്നു.
നിഖിൽ ഗുപ്ത, ചീഫ് ഇക്കണോമിസ്റ്റ് മോട്ടിലാൽ ഓസ്വാൾ
വളർച്ച ഇതിലും മോശമാകാനാണു സാധ്യത. സ്വകാര്യമേഖല നിരാശയിലാണ്. കാര്യങ്ങൾ ശരിയാക്കാൻ സർക്കാർ ഇടപെടണം. രാജ്യത്തു സേവനങ്ങൾക്കും ഉത്പന്നങ്ങൾക്കും ആവശ്യം കുറഞ്ഞിരിക്കുന്നു. ജനങ്ങൾക്കു ക്രയശേഷി കുറഞ്ഞു; അവർക്കു വരുമാനം കുറവായി. അതു പരിഹരിക്കണം. സർക്കാരിന്റെ യഥാർഥ കമ്മി മറച്ചുവയ്ക്കുന്നതു പ്രശ്നപരിഹാരത്തിനു വലിയ തടസമാണ്.
ഡോ. പ്രണാബ്സെൻ, മുൻ ചീഫ് സ്റ്ററ്റിസ്റ്റീഷൻ
അസംഘടിത മേഖലയിലേക്കു പണം ചെന്നാലേ വളർച്ച ഉണ്ടാകൂ. മുൻകാലത്ത് അസംഘടിത മേഖലയാണ് പ്രതിസന്ധികളിൽനിന്നു കരകയറ്റിയത്.
ഡോ. അഭിജിത് സെൻ, പ്ലാനിംഗ് കമ്മീഷൻ മുൻ അംഗം
അസംഘടിത മേഖലയുടെ കണക്കുകൂടി പെടുത്തിയാൽ ഇന്ത്യ മാന്ദ്യത്തിലൂടെയാണു കടന്നുപോകുന്നത്.
ഡോ. അരുൺകുമാർ മാൽക്കം ആദിശേഷയ്യ
ചെയർ പ്രഫസർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
ഇറക്കുമതിയിൽ വലിയ ഇടിവുണ്ടായതുകൊണ്ടാണു ജിഡിപി കുറച്ചെങ്കിലും വളർന്നത്.
അനുഭൂതി സഹായ്, സ്റ്റാൻഡാർഡ് ചാർട്ടേഡ് ബാങ്ക്
4.5 %! ഡോ. മൻമോഹൻസിംഗ്ജിയെ കളിയാക്കൽ തൊഴിലാക്കിയവർ ഇപ്പോൾ സന്പദ്ഘടനയെ മുന്നോട്ടു കൊണ്ടുപോകാൻ വിഷമിക്കുന്നു.
അഹമ്മദ് പട്ടേൽ, കോൺഗ്രസ് നേതാവ് ഓഫ് ഇന്ത്യ
ജിഡിപി: ആശ്വാസം അകലെ
11:09 PM Nov 30, 2019 | Deepika.com