മുംബൈ: ഇംഗ്ലീഷിലെ കഠിന പദങ്ങളുടെ ശരിയായ ഉച്ചാരണം വരുതിയിലാക്കാൻ പുത്തൻ ഫീച്ചറുമായി ഗൂഗിൾ. പദങ്ങളുടെ ഉച്ചാരണം തെരയുന്പോൾ ശരിയായ ഉച്ചാരണം കേൾപ്പിക്കുന്നതിനു പുറമേ അവ ശരിയായി ഉച്ചരിക്കാൻ പരിശീലനം നൽകുന്ന പ്രാക്ടീസ് ഫീച്ചറാണ് സേർച്ച് വന്പൻ അവതരിപ്പിച്ചിരിക്കുന്നത്. സേർച്ച് ബാറിലെ “പ്രാക്ടീസ്’’ മെനുവിൽ ടാപ് ചെയ്ത ശേഷമാണു പരിശീലനം ആരംഭിക്കേണ്ടത്. ഉച്ചാരണം തേടിയ പദം ഫോണിലെ മൈക്രോഫോണിലൂടെ ഉപയോക്താവ് പറയണം. ഉച്ചാരണം ശരിയായില്ലെങ്കിൽ ഉച്ചാരണത്തിൽ എന്തു മാറ്റമാണ് വരുത്തേണ്ടതെന്ന നിർദേശം ഗൂഗിൾ നൽകും. ഉച്ചാരണം ശരിയാകുംവരെ ഈ പരിശീലനം തുടരാനാവും.
അമേരിക്കൻ ഇംഗ്ലീഷ് അടിസ്ഥാനമാക്കിയുള്ള ഉച്ചാരണ പരിശീലനമാണ് ഗൂഗിൾ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ മറ്റു ഭാഷാഭേദങ്ങളിലുള്ള പരിശീലനവും ആരംഭിക്കുമെന്ന് ഗൂഗിൾ അറിയിച്ചു.
ഇതിനു പുറമേ പദങ്ങളുടെ അർഥം തെരയുന്പോൾ ചിത്രങ്ങൾ സഹിതം ഉത്തരം നല്കുന്ന ഫീച്ചറും ഗൂഗിൾ ആരംഭിച്ചിട്ടുണ്ട്. നിലവിൽ നാമരൂപങ്ങളുടെ (നൗണ്) അർഥം തേടുന്പോഴാണു സചിത്ര വിവരണമുണ്ടാകുകയെന്നും സമീപ ഭാവിയിൽ മറ്റു വാക്യരൂപങ്ങളുടെ അർഥം തേടുന്പോഴും ചിത്രങ്ങൾ ലഭ്യമാക്കുമെന്നും ഗൂഗിൾ അറിയിച്ചു.
ഉച്ചാരണം ശരിയാക്കാൻ ഗൂഗിൾ!
11:57 PM Nov 15, 2019 | Deepika.com