ഹോങ്കോംഗ്: ജനകീയ പ്രക്ഷോഭത്തിനെതിരായ പോലീസ് നടപടിക്കിടെ കെട്ടിടത്തിൽനിന്നു വീണ യൂണിവേഴ്സിറ്റി വിദ്യാർഥി ആശുപത്രിയിൽ മരിച്ചു.
ഇതോടെ ഹോങ്കോംഗിലെ ജനാധിപത്യ പ്രക്ഷോഭകർക്കിടയിൽ പോലീസിനോടുള്ള അമർഷം ശക്തമായി. പലയിടത്തും പോലീസ്വിരുദ്ധ റാലികൾ അരങ്ങേറി.
ഹോങ്കോംഗ് യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ വിദ്യാർഥി ഇരുപത്തിരണ്ടുകാരനായ ചൗ ആണ് ആശുപത്രിയിൽ ഇന്നലെ രാവിലെ മരിച്ചത്.
ഇയാളെ തിങ്കളാഴ്ച ഒരു കെട്ടിടത്തിന്റെ രണ്ടാം നിലയിൽ രക്തത്തിൽ കുളിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മിനിട്ടുകൾക്കു മുന്പ് ഈ കെട്ടിടത്തിലേക്ക് പോലീസ് കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിച്ചിരുന്നു. കെട്ടിടത്തിൽനിന്ന് പോലീസിനുനേർക്ക് പലവിധ വസ്തുക്കൾ എറിയപ്പെട്ടിരുന്നു. മുകൾനിലയിലായിരുന്ന ചൗ കണ്ണീർവാതകപ്രയോഗത്തിൽനിന്നു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ രണ്ടാം നിലയിലേക്കു വീഴുകയായിരുന്നുവെന്നു കരുതുന്നു. പക്ഷേ, സിസിടിവി കാമറകളിൽ വീഴുന്ന ദൃശ്യം കണ്ടെത്താനായില്ല.
മരണത്തിൽ ഹോങ്കോംഗ് ഭരണകൂടം ദുഃഖം രേഖപ്പെടുത്തി.
ഹോങ്കോംഗിൽ പ്രക്ഷോഭം ശക്തം; വിദ്യാർഥി മരിച്ചു
12:14 AM Nov 09, 2019 | Deepika.com