ബെയ്ജിംഗ്: ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ 5 ജി പരീക്ഷണങ്ങളുമായി മുന്നോട്ടു പോകുന്നതിനിടെ ഒരു പടികൂടികടന്നു ടെലികോം രംഗത്തെ ആറാം തലമുറ( 6ജി) സാങ്കേതികവിദ്യ കരസ്ഥമാക്കാനുള്ള പരീക്ഷണ പരിപാടികൾക്കു തുടക്കം കുറിച്ചു ചൈന. രാജ്യവ്യാപകമായി 6ജി ടെലികോം ശൃംഖല സ്ഥാപനം ലക്ഷ്യമിട്ടുള്ള 6ജി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ചതായി ചൈനയിലെ ശാസ്ത്ര സാങ്കേതിക മന്ത്രാലയം അറിയിച്ചു. അടുത്ത വർഷം ആദ്യത്തോടെ രാജ്യത്ത് 6ജി പ്രഖ്യാപിക്കാനാണു ചൈനയുടെ പദ്ധതി.
ടെലികോം രംഗത്തെ ഏറ്റവും നൂതന വിദ്യകൾ ആദ്യം കൈയാളാൻ രാജ്യങ്ങൾ തമ്മിലുള്ള കടുത്ത മത്സരത്തിനിടെയാണ് ചൈനയുടെ പ്രഖ്യാപനമെന്നതു ശ്രദ്ധേയം. ഫെബ്രുവരിയിൽ യുഎസ് പ്രസിഡന്റ് ഡോണ്ൾഡ് ട്രംപ് അമേരിക്കയിൽ എത്രയും വേഗം 6ജി വിദ്യ ആരംഭിക്കണമെന്ന് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു. അതേസമയം, ലോകത്ത് ആദ്യമായി 5 ജി ടെലികോം ശൃംഖല വാണിജ്യാടിസ്ഥാനത്തിൽ ആരംഭിച്ചത് ഏതു രാജ്യമാണെന്ന കാര്യത്തിൽ അമേരിക്കയും ദക്ഷിണ കൊറിയയും തമ്മിലുള്ള തർക്കം തുടരുകയാണ്.
ദക്ഷിണകൊറിയയാണ് ആദ്യം 5 ജി ടെലികോം ശൃംഖല ആരംഭിച്ചതെന്നാണ് അവരുടെ വാദം. എന്നാൽ, അതിനു മണിക്കൂറുകൾക്കു മുന്പു തന്നെ തങ്ങൾ 5 ജി ടെലികോം ശൃംഖല പ്രവർത്തനം തുടങ്ങിയതായി അമേരിക്കയും അവകാശവാദമുന്നയിക്കുന്നു. ആഴ്ചകൾക്കു മുന്പാണ് ചൈനയിലെ മൂന്നു ടെലികോം കന്പനികൾ രാജ്യവ്യാപകമായി 5 ജി ടെലികോം ശൃംഖല ആരംഭിച്ചത്.
6ജി: ചൈന പണി തുടങ്ങി
11:58 PM Nov 07, 2019 | Deepika.com