ന്യൂഡൽഹി: ദീപാവലി അടക്കമുള്ള ഉത്സവങ്ങളും വലിയ ഡിസ്കൗണ്ടുകളും ഒക്ടോബറിൽ വാഹനവില്പന അൽപം മെച്ചപ്പെടുത്തി. ഈ സാന്പത്തിക വർഷം ആദ്യമാണ് വിൽപന കൂടുന്നത്. കാറുകൾക്കും യൂട്ടിലിറ്റി വാഹനങ്ങൾക്കും ഉണ്ടായ നേട്ടം വാണിജ്യവാഹനങ്ങൾക്കുണ്ടായില്ല. വിപണിയിലെ ഉണർവ് നീണ്ടുനിൽക്കുമെന്ന ഉറപ്പ് നിർമാതാക്കൾക്കും ഡീലർമാക്കുമില്ല.
മാരുതി സുസുകിക്ക് മൊത്തമായി 4.5 ശതമാനം വില്പന വർധന ഉണ്ടായി. 1,46,766 -ൽനിന്ന് 1,53,435 ആയി ഒക്ടോബറിലെ വില്പന. ഇതിൽ 1,44,277 എണ്ണം ഇന്ത്യയിലെ വിൽപനയാണ്.
ബാക്കി കയറ്റുമതിയും. ഇന്ത്യയിലെ വില്പന 2.3 ശമാനമേ കൂടിയുള്ളു. മിനി കാറുകളുടെ വില്പന 13.1 ശതമാനം കുറഞ്ഞു. 28,537 എണ്ണമേ ആ വിഭാഗത്തിൽ വിറ്റുള്ളു. എന്നാൽ സ്വിഫ്റ്റ്, സെലേറിയോ, ഇഗ്നിസ്, ബലേറോ, ഡിസയർ എന്നിവ ഉൾപ്പെട്ട കോംപാക്ട് കാർ വിഭാഗത്തിൽ വില്പന കുതിച്ചു. 15.9 ശതമാനം വളർച്ചയുണ്ടായി. 75094 എണ്ണമാണ് ഈ വിഭാഗത്തിൽ വിറ്റത്. സിയാസ് വില്പന 39 ശതമാനം കുറഞ്ഞ് 2,371 ആയി. യൂട്ടിലിറ്റി വാഹനങ്ങളുടെ വിൽപന 20764-ൽ നിന്ന് 23108 ആയി വർധിച്ചു. കയറ്റുമതി വർധന 5.7ശതമാനമാണ്.
മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ വില്പന 11 ശതമാനം കുറഞ്ഞു. സെപ്റ്റംബറിലെ 21 ശതമാനം ഇടിവിലെ അപേക്ഷിച്ച് വളരെ മെച്ചമാണ് ഒക്ടോബറിലെ നില. മൊത്തം വില്പന തലേ ഒക്ടോബറിലെ 58416-ൽ നിന്ന് 51896 ആയി. ഇതിൽ 49, 193 ആഭ്യന്തരവിപണിയിലെ വില്പനയാണ്. യാത്രാവാഹന വില്പനയിലാണ് മഹീന്ദ്രയ്ക്ക് വലിയ കുറവുവന്നത്. 24066-ൽ നിന്ന് 18460ലേക്ക്. വാണിജ്യ വാഹന വിൽപന 24353ൽനിന്ന് 23582 ആയികുറഞ്ഞു.
അശോക് ലൈലാന്ഡിന് വില്പനയിൽ മുന്നേറാൻ കഴിഞ്ഞില്ല. 35ശതമാനമാണ് ഒക്ടോബറിലെ ഇടിവ്. 15149ൽനിന്ന് 9857ആയി മൊത്തം വില്പന. ഇതിൽ 9076ഉം ആഭ്യന്തര വിൽപനയാണ്. മീഡിയം- ഹെവി വാണിജ്യ വാഹനങ്ങളുടെ വില്പന 50 ശതമാനം കുറഞ്ഞു. 9062ൽനിന്ന് 4565ലേക്ക് എൽസിവി വിൽപന 15 ശതമാനം താണ് 4509ആയി.
ടൊയോട്ട കിർലോസ്കറിന് ഒക്ടോബറിലെ വില്പന ഇടിവ് ആറു ശതമാനമായി ചുരുക്കാനായി. 11866 വാഹനങ്ങൾ വിറ്റു. സെപ്റ്റംബറിലെക്കാൾ 15 ശതമാനം കൂടുതലുണ്ട് ഇത്. വിപണിയിലെ പുതുമുഖമായ എംജി മോട്ടോറിന്റെ എസ് യു വി ഹെക്ടർ 3536 എണ്ണം ഒക്ടോബറിൽ വിറ്റു.
ടൂവീലർ കന്പനികൾക്കും ക്ഷീണം മാറിയിട്ടില്ല. ബജാജ് ഓട്ടോയുടെ വിൽപന 319942ൽനിന്ന് 13 ശതമാനം കുറഞ്ഞ് 278776 ആയി. ടിവിഎസ് മോട്ടോറിന്റെ വില്പന 338988ൽനിന്ന് 25.45 ശതമാനം താഴ്ന്ന് 252684 ആയി.
വാഹന വില്പനയിൽ ചെറിയ ഉണർവ്
11:39 PM Nov 01, 2019 | Deepika.com