ലണ്ടൻ: ഫാ.ജോര്‍ജ് പുത്തൂര്‍ വീണ്ടും ആകാശച്ചാട്ടം നടത്തി. കഴിഞ്ഞ തവണ കാന്‍സര്‍ രോഗികള്‍ക്ക് വേണ്ടിയാണ് ആകാശച്ചാട്ടമെങ്കില് ഇപ്പോള്‍ നഴ്സിംഗ് വിദ്യാര്‍ഥികളുടെ പഠനത്തിനു വേണ്ടിയായിരുന്നു ചാട്ടം. യുകെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാളി ചാരിറ്റബിള്‍ സൊസൈറ്റിക്ക് വേണ്ടിയാണ് 1500 അടി ഉയരത്തില്‍ നിന്ന് ഫാ.ജോര്‍ജ് പുത്തൂരാന്‍ ഉള്‍പ്പെടെ 37 പേര് ആകാശ ചാട്ടത്തില്‍ പങ്കെടുത്തത്.
അംഗപരിമിതനായ ഫാ.ജോര്‍ജ് പുത്തൂര്‍ കഠിനമായ പരിശീലനങ്ങള്‍ക്കൊടുവിലാണ് ചെറുവിമാനത്തില്‍ നിന്ന് സഹായിയുമൊത്ത് ചാടിയത്. കേരളത്തിലെ 100 നഴ്സിംഗ് വിദ്യാര്‍ഥികള്‍ക്കായി 40 ലക്ഷം രൂപയാണ് അദ്ദേഹവും സംഘവും സ്വരൂപിച്ചത്.
ആകാശച്ചാട്ടം കഴിഞ്ഞ മാസം 28നാണ് നിശ്ചയിച്ചിരുന്നതെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം മാറ്റിവച്ചിരുന്നു. ഫാ.ജോര്‍ജ് പുത്തൂരിനൊപ്പം മലയാളിയും കലാകാരനുമായ കലാഭവന്‍ ദിലീപ്, നഴ്സ് രഞ്ജുകോശി, വിദ്യാര്‍ഥി ജോയല്‍ മനോജ് തുടങ്ങിയവരും പങ്കെടുത്തു.
ഇടുക്കി കട്ടപ്പന സ്വദേശിയായ ഫാ.ജോര്‍ജ് നെയ്യാറ്റിന്‍കര രൂപതയിലെ പനക്കോട് ദേവാലയത്തില്‍ ഏറെനാള്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്.
ഫാ. ജോര്‍ജ് പുത്തൂരിന്റെ ആകാശച്ചാട്ടം വീണ്ടും
01:37 AM Oct 17, 2019 | Deepika.com