കൊച്ചി: ലാഭത്തിലേക്കു മടങ്ങി വന്ന ഫാക്ടിന്റെ (ദി ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ്) വളം ഉത്പാദനം നടപ്പുവർഷം 10 ലക്ഷം ടണ്ണിനു മുകളിലെത്തുമെന്നു പ്രതീക്ഷ. സെപ്റ്റംബറിലവസാനിച്ച ആദ്യ പകുതിയിൽ കന്പനിയുടെ ഉത്പാദനം അഞ്ചുലക്ഷം ടണ്ണിലെത്തിയിട്ടുണ്ട്. നടപ്പുവർഷം 2500 കോടി രൂപ വിറ്റുവരവും 300 കോടി രൂപ അറ്റാദായവുമാണ് കന്പനി പ്രതീക്ഷിക്കുന്നതെന്നു ഫാക്ട് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കിഷോർ രുംഗ്ട പറഞ്ഞു.
കഴിഞ്ഞ സാന്പത്തിക വർഷത്തിൽ കന്പനി 2100 കോടി രൂപ വരുമാനവും 163 കോടി രൂപ അറ്റാദായവും നേടിയിരുന്നു. കന്പനിയുടെ വികസന പ്രവർത്തനങ്ങൾക്കും ധനകാര്യ പുനർ രൂപീകരണത്തിനും കേന്ദ്രസർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. വികസനത്തിന്റെ ഭാഗമായി ഉത്പാദനം നിലച്ച കാപ്രോലാക്ടം പ്ലാന്റ് 2020 മേയിൽ പ്രവർത്തനം തുടങ്ങും.
അന്പതിനായിരം ടണ് ശേഷിയാണ് പ്ലാന്റിനുള്ളത്. ഇതോടെ കന്പനിയുടെ വിറ്റുവരവിൽ 500 കോടി രൂപയുടെ വർധനയുണ്ടാകുമെന്നും ചെയർമാൻ പറഞ്ഞു. ഇറക്കുമതി പൂർണമായും നികത്താൻ കന്പനിയുടെ ഉത്പന്നത്തിനു സാധിക്കും.
കാപ്രോലാക്ടം പ്ലാന്റ് കൂടി പ്രവർത്തനം തുടങ്ങുന്നതോടെ കന്പനി നടത്തിക്കൊണ്ടുപോകാൻ 2180 ജീവനക്കാരെ ആവശ്യമുണ്ട്.
ഇപ്പോൾ 1700 പേരാണ് ജോലിക്കാരായുള്ളത്. 275 പേരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നടപടികൾ പൂർത്തിയായി വരികയാണ്. കൂടാതെ 280 പേരേക്കൂടി നിയമിക്കേണ്ടതുണ്ടെന്നും ചെയർമാൻ അറിയിച്ചു.
കന്പനിയുടെ 481 ഏക്കർ സ്ഥലം 978 കോടി രൂപയ്ക്കു വില്പന പൂർത്തിയായിട്ടുണ്ട്. ഇതു കന്പനിയുടെ ഉത്പാദനശേഷി ഇപ്പോഴത്തെ 10 ലക്ഷം ടണ്ണിൽനിന്നു 15 ലക്ഷം ടണ്ണായി ഉയർത്തുന്നതിന് ഉപയോഗിക്കും. ഇതിനു 350 കോടി രൂപ ചെലവു കണക്കാക്കുന്നു. ഇതോടെ വൈവിധ്യമാർന്ന മിശ്രിത വളങ്ങൾ ഉത്പാദിപ്പിക്കാനുള്ള കന്പനിയുടെ ശേഷി വർധിക്കും.
ധനകാര്യ പുനർരൂപീകരണത്തിന്റെ ഭാഗമായി 1200 കോടി രൂപയുടെ ബാധ്യതയാണ് എഴുതിത്തള്ളുന്നത്. ധനകാര്യ പുനർരൂപീകരണം പൂർത്തിയാകുന്നതോടെ പൂജ്യം കടമുള്ള കന്പനിയായി ഫാക്ട് മാറും.
വില്പനയ്ക്കുശേഷവും കന്പനിയുടെ കൈവശം 1600 ഏക്കർ സ്ഥലമുണ്ട്.
ഇന്ധനച്ചെലവ് ഗണ്യമായി കുറഞ്ഞതും ചരക്കു കടത്തുകൂലി കുറയുന്നതുമൊക്കെ കന്പനിയുടെ തിരിച്ചുവരവിനു പങ്കുവഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 2020-21ഓടെ കന്പനി സ്വയംപര്യാപ്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഫാക്ടംഫോസ്, അമോണിയം സൾഫേറ്റ് വിപണിയിൽ 30 ശതമാനം വിഹിതമാണ് കന്പനിക്കുള്ളത്. കേരളത്തിൽ കന്പനിയുടെ വിപണി വിഹിതം 95 ശതമാനമാണ്. ദക്ഷിണേന്ത്യയിൽ കന്പനിക്ക് 5100 ഡീലർമാരുണ്ട്.
ഫാക്ട് വളം ഉത്പാദനം 10 ലക്ഷം ടണ്ണിനു മുകളിലേക്ക്
11:33 PM Oct 16, 2019 | Deepika.com