മുംബൈ: കാലമേറെ കഴിഞ്ഞിട്ടും പ്രൗഢിമായാത്ത ആ പേര് വീണ്ടും വാഹന വിപണിയിൽ സജീവമാകുന്നു. രാജ്യത്തെ പ്രമുഖ ടൂ വീലർ കന്പനിയായ ബജാജ് ഓട്ടോയുടെ ഇലക്ട്രിക് സ്കൂട്ടർ - ചേതക് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരി അവതരിപ്പിച്ചു. ഇലക്ട്രിക് വാഹനങ്ങളിലാണു വാഹന വിപണിയുടെ ഭാവിയെന്നും പരിസ്ഥിതി സൗഹാർദ വാഹന രംഗത്തിനായി ഏവരും ഉത്സാഹിക്കണമെന്നും ചടങ്ങിൽ നിതിൻ ഗഡ്ഗരി പറഞ്ഞു.
85 കിലോമീറ്റർ റേഞ്ചുള്ള സ്പോർട്ട്, 95 കിലോമീറ്റർ റേഞ്ചുള്ള ഇക്കോ എന്നീ രണ്ടു വേരിയന്റുകളാണ് ഇലക്ട്രിക് ചേതക്കിനുള്ളത്. അഞ്ചു മണിക്കൂർകൊണ്ട് ഫുൾ ചാർജിലെത്തുന്ന ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. വില പ്രഖ്യാപിച്ചിട്ടില്ല.
ജനുവരിമുതൽ വില്പന ആരംഭിക്കാനാണു കന്പനിയുടെ പദ്ധതി. ആദ്യം പൂനയിലും പിന്നീട് ബംഗളൂരുവിലും ഇലക്ട്രിക് ചേതക് വിൽപനയ്ക്കെത്തിക്കും. സ്വീകാര്യത ലഭിച്ചാൽ മറ്റു നഗരങ്ങളിലേക്കും വില്പന വ്യാപിപിക്കുമെന്നും ബജാജ് ഓട്ടോ അറിയിച്ചു.
അടുത്ത വർഷം മുതൽ ചേതക് ഇലക്ട്രിക് വിദേശ രാജ്യങ്ങളിലേക്കു കയറ്റി അയയ്ക്കാനും കന്പനി പദ്ധതിയിടുന്നു.
എഴുപതുകളിൽ എത്തിയ ചേതക് സ്കൂട്ടർ പതിറ്റാണ്ടുകളോളം ഇരുചക്ര വാഹനവിപണിയിലെ സൂപ്പർ താരമായിരുന്നു.
ചേതക് വീണ്ടും
11:33 PM Oct 16, 2019 | Deepika.com