ഓസ്ലോ: ആഫ്രിക്കയിലെ സമാധാനദൂതനായി മാറിയ എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് അലിക്ക് സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം. അധികാരത്തിലേറി ഒന്നര വർഷത്തിനുള്ളിൽ അയൽരാജ്യമായ എറിത്രിയയുമായി സമാധാനസന്ധി ഉണ്ടാക്കുകയും മറ്റ് അയൽരാജ്യങ്ങളിൽ കലഹങ്ങൾ തീർക്കാൻ മുൻകൈയെടുക്കുകയും ചെയ്തയാളാണ് അബി.
രാജ്യത്ത് സാന്പത്തികവും രാഷ്ട്രീയവും ഭരണപരവുമായ പരിഷ്കാരങ്ങളിലൂടെ പുതിയ അന്തരീക്ഷം സൃഷ്ടിക്കാനും അബിക്കു കഴിഞ്ഞു.
ആഫ്രിക്കയുടെ കൊന്പ് എന്നറിയപ്പെടുന്ന മേഖലയിലെ സുഡാൻ, സൊമാലിയ, ജിബൂട്ടി, കെനിയ തുടങ്ങിയ രാജ്യങ്ങളിലെ പോരാട്ടങ്ങളും അയൽയുദ്ധങ്ങളും തീർക്കുന്നതിന് അബിയുടെ പരിശ്രമങ്ങൾ സഹായിച്ചു. ആഫ്രിക്കയിലെ ഏറ്റവും പ്രായംകുറഞ്ഞ ഭരണത്തലവനാണ് 43 വയസുള്ള അബി അഹമ്മദ്.
നൊബേൽ സമാധാന പുരസ്കാരത്തിന്റെ നൂറാമത്തെ ജേതാവാണ് അബി. അനുരഞ്ജനത്തിനും ഐക്യത്തിനും സാമൂഹികനീതിക്കുംവേണ്ടിയുള്ള അബിയുടെ പരിശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്യാനാണു പുരസ്കാരം നൽകുന്നതെന്നു നോർവീജിയൻ നൊബേൽ കമ്മിറ്റി പറഞ്ഞു. സമാധാനത്തിനുള്ള നൊബേൽ ജേതാവിനെ നോർവേയുടെ പാർലമെന്ററി കമ്മിറ്റിയാണു തെരഞ്ഞെടുക്കുന്നത്. മറ്റു ജേതാക്കളെ സ്വീഡിഷ് അക്കാഡമിയും.
ദീർഘകാലം സ്വേച്ഛാധിപത്യത്തിൻകീഴിലായിരുന്ന എത്യോപ്യയിൽ രാഷ്ട്രീയത്തടവുകാർക്കു മോചനം നൽകാനും നാടുകടത്തപ്പെട്ട രാഷ്ട്രീയ പ്രവർത്തകരെ തിരിച്ചെത്തിക്കാനും അബിയുടെ ഭരണം വഴിതെളിച്ചു. എത്യോപ്യയിൽനിന്നു വിട്ടുപോയ എറിത്രിയയുമായുള്ള സമാധാന ഉടന്പടി ആഫ്രിക്കയിൽ പുതിയ അന്തരീക്ഷംതന്നെ ഉണ്ടാക്കി. ഇക്കാര്യത്തിൽ എറിത്രിയൻ പ്രസിഡന്റ് ഐസയാസ് ആഫ്വെർകിയെയും നൊബേൽ കമ്മിറ്റി പ്രശംസിച്ചു. എറിത്രിയയും ജിബൂട്ടിയുമായുള്ള വൈരം തീർത്തു ബന്ധം സാധാരണ നിലയിലാക്കാനും അബി മുൻകൈയെടുത്തു.
കെനിയയും സൊമാലിയയും തമ്മിൽ മത്സ്യബന്ധന അവകാശം തമ്മിലുള്ള തർക്കം തീർക്കാൻ അബി തുടങ്ങിവച്ച ചർച്ചകൾ തുടരുന്നു. സുഡാനിൽ പട്ടാള ഭരണകൂടവും പ്രതിപക്ഷവും ചർച്ചയ്ക്കു തയാറാവുകയും പട്ടാളം ഭരണമൊഴിയാമെന്നു വാക്കു നൽകുകയും ചെയ്തതും അബിയുടെ ശ്രമഫലമാണ്.
ഈ വർഷം സമാധാന നൊബേലിനു 301 പേരുകൾ ശിപാർശ ചെയ്യപ്പെട്ടിരുന്നു. 1901-ൽ സമാധാന നൊബേൽ പുരസ്കാരം തുടങ്ങിയിട്ട് ഇതുവരെ 99 തവണ സമ്മാനം നൽകി. അതിൽ 24 തവണ സംഘടനകൾക്കായിരുന്നു പുരസ്കാരം.
ആഫ്രിക്കൻ സമാധാനദൂതനു നൊബേൽ
12:10 AM Oct 12, 2019 | Deepika.com