ന്യൂഡൽഹി: എല്ലായിനം വാഹനങ്ങളുടെയും വില്പന താഴോട്ട്. ഈ സാന്പത്തികവർഷം ആദ്യ ആറുമാസം വില്പനയിൽ നാലിലൊന്ന് ഇടിവാണുണ്ടായത്. ഒന്‍പതുമാസമായി തുടരുന്ന ഇടിവ് സെപ്റ്റംബറിലും തുടർന്നു.
ഇടിവിന്റെ തോതിൽ കുറവ് വന്നിട്ടുമില്ല. ഉത്സവസീസണിന്റെ തുടക്കമെന്ന നിലയിൽ സെപ്റ്റംബറിൽ പ്രഖ്യാപിച്ച ഇളവുകളും പ്രയോജനം ചെയ്തില്ല. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചേഴ്സി(സിയാം)ന്റെ കണക്കുകളാണിത്.
ഏപ്രിൽ-സെപ്റ്റംബറിൽ യാത്രാവാഹന വില്പന 23.56 ശതമാനം കുറഞ്ഞു. കാറുകൾക്ക് 30.3, യൂട്ടിലിറ്റി വാഹനങ്ങൾക്ക് 3.78, വാനുകൾക്ക് 35.46 ശതമാനം തോതിലായിരുന്നു ഇടിവ്.
വാണിജ്യ വാഹന വില്പന അർധവർഷം 22.95 ശതമാനം കുറഞ്ഞു. മീഡിയം-ഹെവി വാഹനങ്ങൾ 35.79 ശതമാനവും എൽസിഡികൾ 14.69 ശതമാനവും താഴോട്ടുപോയി.
മുച്ചക്രവാഹനങ്ങളിൽ യാത്രാ വിഭാഗത്തിൽ 6.37 ശതമാനം ഇടിവുണ്ടായപ്പോൾ ചരക്കുവാഹനങ്ങൾക്ക് 7.98 ശതമാനമായി ഇടിവ്.
സ്കൂട്ടറുകൾ 16.94 ശതമാനം മോട്ടോർ സൈക്കിളുകൾ 15.24 മോപെഡ് 25.33 എന്ന തോതിലായിരുന്നു അർധവാർഷിക വില്പന ഇടിവ്.
രാജ്യത്തെ ആറുമാസത്തെ വാഹന ഉത്പാദനം 13.32 ശതമാനം കുറഞ്ഞു. 1.66 കോടിയുടെ സ്ഥാനത്ത് 1.44 കോടി മാത്രം.സെപ്റ്റംബറിലെ വാഹന വില്പന തലേസെപ്റ്റംബറിനെ അപേക്ഷിച്ച് 22.41 ശതമാനം കുറഞ്ഞു.
വാഹനവില്പനയിലെ അർധവാർഷിക ഇടിവ്
കാറുകൾ 30.3 %
യാത്രാവാഹനങ്ങൾ 23.56%
വാണിജ്യവാഹനങ്ങൾ 22.95%
മുച്ചക്രവാഹനങ്ങൾ 6.66%
ഇരുചക്രവാഹനങ്ങൾ 16.18%
വിവിധ വിഭാഗങ്ങളുടെ സെപ്റ്റംബറിലെ വില്പന (എണ്ണവും) ഇടിവും (ശതമാനം)
യാത്രാവാഹനങ്ങൾ 2,23,317 23.69
വാണിജ്യവാഹനങ്ങൾ 58,419 39.06
മുച്ചക്രവാഹനങ്ങൾ 66,362 3.92
ടൂവീലർ 16,56,774 22.09
ആകെ 20,04,932 22.41
സെപ്റ്റംബറിലെ കാർ വില്പന 1,31,281 ആയിരുന്നു. തലേ സെപ്റ്റംബറിനെ അപേക്ഷിച്ച് 33.4 ശതമാനം കുറവ്. മോട്ടോർ സൈക്കിൾ വില്പന 23.29 ശതമാനം താണ് 10,43,624 ആയി.
വാഹനവില്പന താഴോട്ട്
11:54 PM Oct 11, 2019 | Deepika.com