തൃശൂർ: ഫിൻടെക്, ഇൻഫർമേഷൻ കമ്യൂണിക്കേഷൻ ടെക്നോളജി തുടങ്ങിയ മേഖലകളിലെ സ്റ്റാർട്ടപ്പുകളുടെ ബിസിനസ് വിപുലീകരണത്തിനു കേരളവും ബഹറിനും കൈകോർക്കും.
വിവര സാങ്കേതികവിദ്യാ മേഖലകളിൽ ബഹറിൻ സർക്കാരിന്റെ നിക്ഷേപ പ്രോത്സാഹന ഏജൻസിയായ ബഹറിൻ സാന്പത്തിക വികസന ബോർഡും കേരള സ്റ്റാർട്ടപ്പ് മിഷനും ആണ് ഇതുസംബന്ധിച്ച് ധാരണാപത്രം കൈമാറിയത്. ദുബായിൽ നടക്കുന്ന മുപ്പത്തൊന്പതാമതു വാർഷിക ജൈടെക്സ് സാങ്കേതികവിദ്യാ വാരത്തിലാണു കരാർ ഒപ്പുവച്ചത്.
ധാരണാപത്രത്തിലെ വ്യവസ്ഥകളനുസരിച്ച് ഓരോ രാജ്യത്തെയും സ്റ്റാർട്ടപ്പുകൾക്കു മറുരാജ്യത്തും ബിസിനസ് സംരംഭങ്ങൾ കെട്ടിപ്പടുക്കാൻ അവസരം ലഭിക്കും. സ്റ്റാർട്ടപ്പ് പ്രതിനിധിസംഘങ്ങൾക്ക് ഇരുരാജ്യങ്ങളിലും ബിസിനസ് സന്ദർശനങ്ങൾ നടത്താം. ഇതിനുപുറമേ ധനകാര്യ, സാങ്കേതികവിദ്യാ മേഖലകളിലെ സ്ഥാപനങ്ങൾ, സർവകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ, സർക്കാർ ഏജൻസികൾ എന്നിവ തമ്മിലുള്ള വിജ്ഞാന വിനിമയത്തിനും സഹകരണത്തിനും സൗകര്യം ലഭിക്കും.
ഫിൻടെക് സ്റ്റാർട്ടപ്പുകൾ, ഐടി സ്ഥാപനങ്ങൾ എന്നിവയ്ക്കു സർവകലാശാലകൾ, സർക്കാർ സ്ഥാപനങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധം സ്ഥാപിക്കാനുള്ള മികച്ച അന്തരീക്ഷമാണ് ലക്ഷ്യമിടുന്നതെന്ന് കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു.
സ്റ്റാർട്ടപ്പുകളുടെ ബിസിനസ് വിപുലീകരണം: കേരളവും ബഹറിനും തമ്മിൽ കരാർ
12:03 AM Oct 11, 2019 | Deepika.com