വത്തിക്കാൻസിറ്റി: ഹോളി ഫാമിലി സന്യാസിനി സമൂഹ സ്ഥാപക വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ വിശുദ്ധപദവി പ്രഖ്യാപന ചടങ്ങുകൾക്കു മുന്നോടിയായുള്ള ഒരുക്കങ്ങൾ വത്തിക്കാനിൽ അവസാനഘട്ടത്തിലാണ്. 13നു രാവിലെ 10നാണു (ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 1.30 ) വിശുദ്ധപദവി പ്രഖ്യാപനം. ഇതിനായുള്ള മറിയം ത്രേസ്യയുടെ തിരുശേഷിപ്പുകൾ പോസ്റ്റുലേറ്റർ ഫാ. ബെനഡിക്ട് വടക്കേക്കര സെന്റ് പീറ്റേഴ്സിലെ ലിറ്റർജിക്കൽ ഒാഫീസിൽ ഏല്പിച്ചു. അസ്ഥിയാണു പ്രത്യേകം തയാറാക്കിയ അരുളിക്കയിലാക്കി തിരുശേഷിപ്പായി സമർപ്പിച്ചിട്ടുള്ളത്. ഇത് അന്ന് അൾത്താരയിൽ പ്രതിഷ്ഠിക്കും. വിശുദ്ധയുടെ ഛായാചിത്രം സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ സ്ഥാപിച്ചുകഴിഞ്ഞു.
വിശുദ്ധപദവി പ്രഖ്യാപന ചടങ്ങുകൾക്കു മുന്നോടിയായി പന്ത്രണ്ടിനു റോമിലെ മരിയ മജോരേ മേജർ ബസിലിക്കയിൽ ഉച്ചകഴിഞ്ഞ് 3.30നു നടക്കുന്ന പ്രത്യേക ജാഗരണ പ്രാർഥനാ ശുശ്രൂഷകൾക്കു വിശുദ്ധരുടെ നാമകരണത്തിനുവേണ്ടിയുള്ള വത്തിക്കാൻ കോണ്‍ഗ്രിഗേഷന്റെ പ്രീഫെക്ട് കർദിനാൾ ജൊവാനി ആഞ്ചലോ ബേച്ചു മുഖ്യകാർമികത്വം വഹിക്കും. തൃശൂർ അതിരൂപത ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, പാലക്കാട് രൂപത മെത്രാൻ മാർ ജേക്കബ് മനത്തോടത്ത് എന്നിവർ സഹകാർമികരാകും.
പ്രദക്ഷിണത്തോടെയാണു ചടങ്ങുകൾ ആരംഭിക്കുക. ഈ സമയം റവ. ഡോ. ക്ലമന്റ് ചിറയത്ത് മറിയം ത്രേസ്യയെക്കുറിച്ചുള്ള ലഘു ജീവചരിത്രം വായിക്കും. തുടർന്നു സീറോ മലബാർ സഭ അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ് മാർ സ്റ്റീഫൻ ചിറപ്പണത്ത് ഏവർക്കും സ്വാഗതം ആശംസിക്കും. ഹോളി ഫാമിലി കോണ്ഗ്രിഗേഷൻ ജനറൽ കൗണ്‍സിലർ സിസ്റ്റർ ഭവ്യ സിഎച്ച്എഫ്, സുപ്രീം കോടതി റിട്ട. ജസ്റ്റീസ് കുര്യൻ ജോസഫ് എന്നിവർ ലേഖനവായന നടത്തും.
സിഞ്ഞോറ അഥ്റിയാന ഇറ്റാലിയനിലും സിഎച്ച്എഫ് മുൻ മദർ ജനറൽ സിസ്റ്റർ പ്രസന്ന തട്ടിൽ ഇംഗ്ലീഷിലും സിഎച്ച്എഫ് പാവനാത്മ പ്രൊവിൻഷ്യൽ സിസ്റ്റർ രഞ്ജന മലയാളത്തിലും സിസ്റ്റർ ഒലിവ് ജെയിൻ സിഎച്ച്എഫ് ഹിന്ദിയിലും കാറോസൂസ പ്രാർഥനകൾ ചൊല്ലും. ജർമൻ ഭാഷയിലുള്ള കാറോസൂസ പ്രാർത്ഥന ചൊല്ലുന്നതു ജർമനിയിലെ മോണ്‍ഷാവു കോർപറേഷന്റെ മേയർ കൂടിയായ മാർഗരറ്റ് റിറ്റർ ആണ്. ജാഗരണ പ്രാർഥനയുടെ സമാപനത്തിൽ ഹോളി ഫാമിലി കോണ്ഗ്രിഗേഷൻ മദർ ജനറൽ സിസ്റ്റർ ഉദയ ഏവർക്കും നന്ദി പ്രകാശിപ്പിക്കും. ഫാ. സനൽ മാളിയേക്കൽ മാസ്റ്റർ ഓഫ് സെറിമണിയായും ഫാ. പോൾ റോബിൻ തെക്കത്ത് കമന്റേറ്ററായും പ്രവർത്തിക്കും.
14നു റോമിലെ സെന്റ് അനസ്താസ്യ ബസിലിക്കയിൽ രാവിലെ 10.30ന് നടക്കുന്ന കൃതജ്ഞതാ ബലിക്കു സീറോ മലബാർസഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കും. സീറോ മലബാർ സഭയിലെ 51 ബിഷപ്പുമാരും സഹകാർമികരാകും.
മറിയം ത്രേസ്യയും കർദിനാൾ ന്യൂമാനുമുൾപ്പെടെ ആറു പേരെയാണ് 13ന് വിശുദ്ധപദവിയിലേക്ക് ഉയർത്തുന്നത്.
ഫാ. നൗജിൻ വിതയത്തിൽ
വിശുദ്ധ പദവി പ്രഖ്യാപനം: ഒരുക്കങ്ങൾ പൂർത്തിയാകുന്നു
12:17 AM Oct 10, 2019 | Deepika.com