ന്യൂഡൽഹി: സന്പദ്ഘടനയുടെ കാര്യത്തിൽ ഞാൻ പ്രവർത്തനനിരതയാണ്. ധനമന്ത്രി നിർമല സീതാരാമന് ഇന്നലെ ഇങ്ങനെ ട്വീറ്റ് ചെയ്യേണ്ടിവന്നു.
സാന്പത്തികരംഗത്തു വലിയ മുരടിപ്പുണ്ടായി രാജ്യം മാന്ദ്യത്തിലേക്കു നീങ്ങുകയും തൊഴിലില്ലായ്മ 45 വർഷത്തിലെ ഏറ്റവും ഉയർന്ന നിലയിലാവുകയും ചെയ്തപ്പോഴാണു മന്ത്രിയുടെ വിശദീകരണം. താൻ ജോലി ചെയ്യുന്നുണ്ടെന്നു മന്ത്രി ട്വീറ്റ് ചെയ്യേണ്ടിവന്നത് ഒരു പ്രമുഖ വ്യവസായിയുടെ വിമർശനത്തെ തുടർന്നാണ്.
ബയോകോൺ എന്ന ഔഷധക്കന്പനി മേധാവി കിരൺ മജുംദൾ ഷായുടേതായിരുന്നു വിമർശനം. ഇ സിഗററ്റ് നിരോധനം അറിയിച്ച പത്രസമ്മേളനം നയിച്ചത് നിർമലയായിരുന്നു. അത് ആരോഗ്യമന്ത്രി നടത്തിയാൽ പോരേ, ധനമന്ത്രി സാന്പത്തിക ഉണർവിനുള്ള നടപടികൾ പ്രഖ്യാപിക്കുകയല്ലേ വേണ്ടത് എന്നായിരുന്നു കിരണിന്റെ ട്വീറ്റ്. വ്യവസായ മേഖലയിൽ ആദരണീയയായ കിരണിനുള്ള മറുപടിയായാണു താൻ ജോലി ചെയ്യുന്നുണ്ടെന്നു മന്ത്രി പറഞ്ഞത്.
ധനമന്ത്രിയായി മേയിൽ ചുമതലയേറ്റ നിർമല സീതാരാമന്റെ കാലത്ത് വളർച്ചാനിരക്ക് കുത്തനെ താഴോട്ടുപോയി. ജൂലൈയിൽ അവർ അവതരിപ്പിച്ച ബജറ്റിലെ പ്രധാന നിർദേശങ്ങൾ പലതും പിൻവലിക്കേണ്ടിവന്നു. സാന്പത്തിക മുരടിപ്പിനു പരിഹാരനടപടികളായി മന്ത്രി പ്രഖ്യാപിച്ച കാര്യങ്ങൾ വേണ്ടത്ര ഫലപ്രദമായി കാണപ്പെട്ടുമില്ല. ഈ പശ്ചാത്തലത്തിലായിരുന്നു വിമർശനം.
താൻ നന്നായി ജോലി ചെയ്യുന്നുണ്ടെന്നു ധനമന്ത്രി
11:12 PM Sep 19, 2019 | Deepika.com