മോസ്കോ : മോസ്കോ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ജയിക്കാനായെങ്കിലും പുടിനെ അനുകൂലിക്കുന്ന യുണൈറ്റഡ് റഷ്യാ പാർട്ടിക്ക് ഭൂരിപക്ഷം കുറഞ്ഞെന്നു റിപ്പോർട്ട്. സിറ്റി ഡ്യൂമയിലെ 45 സീറ്റുകളിൽ 25 എണ്ണം മാത്രമേ പാർട്ടിക്കു പിടിക്കാനായുള്ളു. നേരത്തെ 40 സീറ്റും യുണൈറ്റഡ് റഷ്യയ്ക്കായിരുന്നു.
കമ്യൂണിസ്റ്റുകൾക്ക് 13 സീറ്റും ജസ്റ്റ് റഷ്യാ പാർട്ടിക്ക് മൂന്നു സീറ്റും കിട്ടി. ലിബറൽ യാബ്ളോകോ പാർട്ടിക്ക് മൂന്നു സീറ്റിൽ വിജയിക്കാനായി. ഒരു സ്വതന്ത്രനെയും വിജയിപ്പിച്ചു.
2021ലെ തെരഞ്ഞെടുപ്പിൽ യുണൈറ്റഡ് റഷ്യയ്ക്ക് കനത്ത തിരിച്ചടി നൽകാനാവുമെന്ന് പുടിൻ വിരുദ്ധനായ പ്രമുഖ പ്രതിപക്ഷ നേതാവ് അലക്സ് നവൽനി പ്രത്യാശിച്ചു.
റഷ്യയിലെ മറ്റു നഗരങ്ങളിലും പ്രാദേശിക തെരഞ്ഞെടുപ്പുകൾ നടത്തിയെങ്കിലും എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം മോസ്കോയായിരുന്നു. ചിലയിടങ്ങളിൽ പരാജയം സംഭവിച്ചെങ്കിലും മിക്കയിടത്തും വിജയിക്കാനായെന്നു പുടിന്റെ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. യുണൈറ്റഡ് റഷ്യക്ക് നിരവധി ഗവർണർ സ്ഥാനങ്ങൾ കിട്ടി.
എന്നാൽ റഷ്യയുടെ വിദൂരപൂർവ മേഖലയിൽ പാർട്ടിക്ക് കനത്ത തിരിച്ചടി നേരിട്ടു. 2001ൽ പുടിന്റെ പിന്തുണയോടെ രൂപീകരിച്ച പാർട്ടിയാണ് യുണൈറ്റഡ് റഷ്യ.
ഇലക്ഷനിൽ പുടിൻ അനുകൂലികൾക്കു തിരിച്ചടി
11:57 PM Sep 09, 2019 | Deepika.com