തിരുവനന്തപുരം: നോർക്ക റൂട്ട്സ് വഴി നടപ്പാക്കുന്ന പ്രവാസി പുനരധിവാസ പദ്ധതി പ്രകാരം 10 ലക്ഷം രൂപ വരെയുള്ള വായ്പ നല്കാൻ ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചു. ഈടില്ലാതെയാണ് വായ്പ നല്‍കുക. ഇതു സംബന്ധിച്ച് നോർക്ക റൂട്ട്സുമായി ബാങ്ക് ധാരണാപത്രം ഒപ്പിട്ടു. 30 ലക്ഷം രൂപവരെ ചെലവുള്ള പദ്ധതികൾക്ക് 15 ശതമാനം മൂലധന സബ്സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ) കൃത്യമായ തിരിച്ചടവിന് പലിശയിനത്തിൽ മൂന്നു ശതമാനം സബ്സിഡിയും നല്കുന്ന പദ്ധതിയാണ് നോർക്ക ഡിപ്പാർട്ട്മെന്റ് പ്രോജക്ട് ഫോർ റിട്ടേണ്‍ എമിഗ്രന്റ്സ്.
നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ. ഹരികൃഷ്ണൻ നന്പൂതിരിയും ബാങ്ക് ഓഫ് ഇന്ത്യ കേരള മേഖലാ മാനേജർ വി. മഹേഷ്കുമാറും മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ധാരണാപത്രം കൈമാറി.
നോർക്ക റൂട്ട്സ് റെസിഡൻസ് വൈസ് ചെയർമാൻ കെ. വരദരാജൻ, നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ, ജനറൽ മാനേജർ ഡി. ജഗദീശ്, ബാങ്ക് ഓഫ് ഇന്ത്യ ഏരിയ മാനേജർ ജോർജ് വർഗീസ്, സീനിയർ മാനേജർ ആർ. രാജേഷ് എന്നിവർ സന്നിഹിതരായിരുന്നു.
നോർക്ക പുനരധിവാസം: ഈടില്ലാതെ പത്തു ലക്ഷം രൂപ വായ്പ
11:51 PM Sep 09, 2019 | Deepika.com