നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ്
നിർബന്ധിത ഓഡിറ്റ് ആവശ്യമുള്ള നികുതിദായകരും പങ്ക് വ്യാപാരസ്ഥാപനങ്ങളുടെ പങ്കുകാരും കന്പനികളും ആദായനിയമം 92 ഇ അനുസരിച്ച് റിപ്പോർട്ട് സമർപ്പിക്കേണ്ടവരും ഒഴികെയുള്ളവരുടെ 2018-19 സാന്പത്തിക വർഷത്തിലെ ആദായനികുതി റിട്ടേണുകൾ പിഴകൂടാതെ ഫയൽ ചെയ്യുന്നതിനുള്ള സമയം 2019 ഓഗസ്റ്റ് 31ന് അവസാനിച്ചു. ഫയൽ ചെയ്യുന്നതിനുള്ള യഥാർഥ തീയതി ജൂലൈ 31 ആയിരുന്നത് പല കാരണങ്ങളാൽ ബോർഡ് ഓഗസ്റ്റ് 31ലേക്ക് നീട്ടി നല്കുകയായിരുന്നു. ദീർഘിപ്പിച്ചു നല്കിയ തീയതിയിലും ഫയൽ ചെയ്യാൻ സാധിക്കാതെ വന്ന തികുതിദായകർ ഇനി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിന് 234 എഫ് അനുസരിച്ചുള്ള പിഴ അടയ്ക്കേണ്ടതുണ്ട്. താമസിച്ചു ഫയൽ ചെയ്യുന്ന റിട്ടേണുകളാണ് ബിലേറ്റഡ് റിട്ടേണുകൾ എന്ന പേരിലറിയപ്പെടുന്നത്.
ബിലേറ്റഡ് റിട്ടേണുകൾ എന്നുവരെ ഫയൽ ചെയ്യാം?
2018-19 സാന്പത്തികവർഷത്തിലെ ബിലേറ്റഡ് റിട്ടേണുകൾ 2020 മാർച്ച് 31 വരെ സാധിക്കും. എന്നാൽ, 2019 ഡിസംബർ 31 മുന്പ് ഫയൽ ചെയ്യുകയാണെങ്കിൽ 234 എഫ് അനുസരിച്ചുള്ള പിഴത്തുക 5,000 രൂപ മാത്രമാണ്. ഡിസംബർ 31 കഴിഞ്ഞ് 2020 മാർച്ച് 31നു മുന്പായി മാത്രമാണ് ഫയൽ ചെയ്യുന്നതെങ്കിൽ പിഴത്തുക 10,000 രൂപയായി വർധിക്കും. എന്നാൽ, നികുതിക്കു മുന്പുള്ള വരുമാനം അഞ്ചു ലക്ഷം രൂപയ്ക്കു താഴെയാണെങ്കിൽ പിഴത്തുക 1000 രൂപയിൽ ഒതുങ്ങിനിൽക്കും. നികുതിയായി ഒന്നും അടയ്ക്കാനില്ലാത്ത റിട്ടേണുകളിൽ പിഴത്തുക ഉണ്ടാവില്ല. 2020 മാർച്ച് 31നു ശേഷം 2018-19 സാന്പത്തിക വർഷത്തിലെ റിട്ടേണുകൾ ഫയൽ ചെയ്യാൻ സാധാരണഗതിയിൽ സാധിക്കില്ല.
ബിലേറ്റഡ് റിട്ടേണുകൾ റിവൈസ് ചെയ്ത് ഫയൽ ചെയ്യാൻ സാധിക്കുമോ?
2016-17 സാന്പത്തികവർഷത്തിനു മുന്പുവരെ ബിലേറ്റഡ് റിട്ടേണുകൾ ഒരിക്കൽ ഫയൽ ചെയ്തുകഴിഞ്ഞാൽ പിന്നീട് റിവൈസ് ചെയ്ത് ഫയൽ ചെയ്യാൻ സാധിക്കില്ലായിരുന്നു. എന്നാൽ, 2016-17 സാന്പത്തികവർഷത്തിലെ റിട്ടേണുകൾ തുടങ്ങി ബിലേറ്റഡായി ഫയൽ ചെയ്യുന്ന എല്ലാ റിട്ടേണുകളും ആവശ്യമെങ്കിൽ പുതുക്കി ഫയൽ ചെയ്യാം.
നഷ്ടം ഉണ്ടായിട്ടുണ്ടെങ്കിൽ ക്യാരിഫോർവേഡ് ചെയ്യാൻ സാധിക്കില്ല
ബിലേറ്റഡ് റിട്ടേണുകളാണ് ഫയൽ ചെയ്യുന്നതെങ്കിൽ, നഷ്ടം ഉണ്ടായിട്ടുണ്ടെങ്കിൽ അവ അടുത്ത വർഷത്തേക്ക് ക്യാരിഫോർവേഡ് ചെയ്യാൻ സാധിക്കില്ല. എന്നാൽ, ഹൗസ് പ്രോപ്പർട്ടിയിലുണ്ടായ നഷ്ടം ക്യാരിഫോർവേഡ് ചെയ്യാവുന്നതാണ്. ബിസിനസിൽനിന്നും പ്രൊഫഷനിൽനിന്നുമുള്ള നഷ്ടങ്ങൾ, മൂലധനനഷ്ടം, മറ്റു വരുമാനങ്ങളുടെ പേരിലുണ്ടാവുന്ന നഷ്ടങ്ങൾ എന്നിവയാണ് ക്യാരിഫോർവേഡ് ചെയ്യാൻ അനുവദിക്കില്ലാത്തത്.
2019-20 സാന്പത്തികവർഷത്തിലെ മുൻകൂർ ആദായനികുതിയുടെ രണ്ടാമത്തെ ഗഡു 15ന് മുന്പ്
ആകെ വരുമാനം നിശ്ചയിച്ച് അതിന്റെ നികുതി നിശ്ചയിച്ച് അതിൽനിന്നു സ്രോതസിൽ പിടിച്ച നികുതി കഴിച്ച് ബാക്കി നികുതിയുടെ 45 ശതമാനത്തിൽനിന്നും ആദ്യ ഗഡുവായി അടച്ച തുക കിഴിച്ച് ബാക്കി വരുന്ന തുകയാണ് രണ്ടാമത്തെ ഗഡുവായി അടയ്ക്കേണ്ട മുൻകൂർ നികുതി. 2019 സെപ്റ്റംബർ 15 ഞായറാഴ്ച അവധിദിനമായതിനാൽ സെപ്റ്റംബർ 16നാണ് നികുതി അടയ്ക്കേണ്ട അവസാന തീയതി.
ഇത് ഒരു ഉദാഹരണസഹിതം വ്യക്തമാക്കാം. ഒരു നികുതിദായകന്റെ 2019-20 സാന്പത്തികവർഷത്തിലെ നികുതിബാധ്യത ഒരുലക്ഷം രൂപയായി എസ്റ്റിമേറ്റ് ചെയ്യുന്നു എന്നു വിചാരിക്കുക. അദ്ദേഹം 2019 ജൂണ് 15നു മുന്പ് 15,000 രൂപ ആദ്യഗഡുവായി മുൻകൂർ നികുതി അടയ്ക്കണം. ഓഗസ്റ്റിൽ അദ്ദേഹത്തിന്റെ വരുമാനത്തിൽനിന്ന് 20,000 രൂപ സ്രോതസിൽ നികുതിയായി പിടിക്കുന്നു എന്നും കരുതുക. സെപ്റ്റംബർ 15ന് അദ്ദേഹത്തിന്റെ രണ്ടാമത്തെ ഗഡു എത്രയാണെന്ന് നോക്കാം. ആകെ നികുതിബാധ്യതയായ 1,00,000 രൂപയിൽനിന്നും സ്രോതസിൽ പിടിച്ച 20,000 രൂപ കിഴിച്ച് ബാക്കിയുള്ള തുകയുടെ 45 ശതമാനത്തിൽനിന്നും നാളിതുവരെ അടച്ച നികുതി കിഴിച്ച് ബാക്കി വരുന്ന തുകയാണ് അടയ്ക്കേണ്ടത്. അതായത് 80,000 രൂപയുടെ 45 ശതമാനമായ 36,000 രൂപയിൽനിന്നും ആദ്യഗഡുവായ 15,000 രൂപ കിഴിച്ച് ബാക്കിവരുന്ന 21,000 രൂപയാണ് രണ്ടാമത്തെ ഗഡുവായി അടയ്ക്കേണ്ടത്.
എന്നാൽ, ആദായനികുതി നിയമം 44 എഡി വകുപ്പ് അനുസരിച്ച് ആകെ വിറ്റുവരവിന്റെ എട്ടു ശതമാനം അല്ലെങ്കിൽ ആറു ശതമാനം നികുതി അടച്ച് കോന്പൗണ്ട് ചെയ്യുന്ന നികുതിദായകർക്ക് മുകളിൽ പറഞ്ഞിരിക്കുന്ന മുൻകൂർ നികുതി അടവിന് ബാധകമല്ല. അത്തരം നികുതിദായകർ മുഴുവൻ നികുതിയും ഒറ്റത്തവണയായി 2020 മാർച്ച് 15നു മുന്പായി അടച്ചാൽ മതി. അതുപോലെ തന്നെ 44 എഡിഎ വകുപ്പനുസരിച്ച് റിട്ടേണ് ഫയൽ ചെയ്യുന്ന പ്രൊഫഷണലുകളും മുൻകൂർ നികുതി നികുതി ഒറ്റത്തവണയായി 2020 മാർച്ച് 15നു മുന്പായി അടച്ചാൽ മതി.
റിട്ടേണുകൾ ഫയൽ ചെയ്യാൻ കഴിയാത്തവർക്കു പിഴ അടച്ച് ഫയൽ ചെയ്യാം
12:18 AM Sep 09, 2019 | Deepika.com