കൊച്ചി: വീട്ടിലുണ്ടാക്കിയ ഭക്ഷണം ഓണ്‍ലൈനായി ഓർഡർ ചെയ്യാനുള്ള ഡൈൻ അപ്സ് എന്ന ആപ്പിന്റെ പ്രവർത്തനം കൊച്ചിയിലേക്കും വ്യാപിപ്പിക്കുന്നു. ഈ വർഷം ഏപ്രിലിലാണ് ഡൈൻ അപ്സ് ആപ്പിന്റെ പൂർണമായ പതിപ്പ് കോഴിക്കോട് അവതരിപ്പിച്ചത്. കോഴിക്കോട് ആസ്ഥാനമായ സ്റ്റാർട്ടപ്പ് എക്ലെറ്റിക് ഈറ്റ്സാണ് ആപ് വികസിപ്പിച്ചത്.
ആരോഗ്യകരമായ ഭക്ഷണശീലം വളർത്തുന്നതിനോടൊപ്പം വനിതാസംരംഭകത്വം വളർത്താനും ലക്ഷ്യമിട്ടാണ് ആപ് അവതരിപ്പിച്ചത്.
വനിതകൾക്ക് തങ്ങളുടെ പാചക അഭിരുചി പ്രദർശിപ്പിക്കാൻ വളരെ ലളിതമായി ഉപയോഗിക്കാവുന്ന വേദി ലഭ്യമാക്കാനും അതുവഴി ഒരു വരുമാനമാർഗം കണ്ടെത്താനും ഡൈൻ അപ്സ് സഹായിക്കുന്നു. വീടുകളിലെ പാചകക്കാരുമായി ബന്ധപ്പെടുത്തി ഉപഭോക്താക്കൾക്ക് വീട്ടിലുണ്ടാക്കിയ ഭക്ഷണം ഓർഡർ ചെയ്യാനുള്ള വേദിയാണ് ഡൈൻ അപ്സ് ലഭ്യമാക്കുന്നത്. ഉപഭോക്താക്കൾക്ക് തങ്ങളുടെ പരിസരത്തുള്ള വീടുകളിൽ നിന്നുള്ള ഭക്ഷണം ഓർഡർ ചെയ്യാൻ ലൊക്കേഷൻ അടിസ്ഥാനമാക്കിയുള്ള സേർച്ച് ഓപ്ഷൻ ഈ ആപ് നൽകുന്നു.
ഓർഡർ ചെയ്യുന്ന ഭക്ഷണത്തിനുള്ള വില ഓണ്‍ലൈനായി അടയ്ക്കാവുന്നതുമാണ്. ഹോം ഡെലിവറി, ഇൻ-പേഴ്സണ്‍ പിക് അപ്പ് സൗകര്യവും ഇതിലുണ്ട്. കഴിച്ച ഭക്ഷണത്തെക്കുറിച്ചുള്ള പ്രതികരണങ്ങൾ രേഖപ്പെടുത്താനുള്ള സൗകര്യവുമുണ്ട്.
ഭക്ഷണം വാങ്ങാനും വിൽക്കാനുമുള്ള ഡൈൻ അപ്സ് കൊച്ചിയിലും
11:06 PM Aug 20, 2019 | Deepika.com