മുംബൈ/ബംഗളൂരു: കഫേ കോഫി ഡേയുടെ (സിസിഡി) ഓഹരി വില്പനയുമായി ബന്ധപ്പെട്ട് കൊക്കകോളയുമായി കോഫി ഡേ ഗ്രൂപ്പ് പ്രൊമോട്ടർമാർ വീണ്ടും ചർച്ച നടത്തിയേക്കും. ഓഹരി വില്പനയിലൂടെ ബാധ്യത കുറയ്ക്കുകയാണ് ഗ്രൂപ്പിന്റെ ലക്ഷ്യം. ഗ്രൂപ്പിന്റെ മറ്റൊരു കന്പനിയായ സിക്കൽ ലോജിസ്റ്റിക്സിന്റെയും ഓഹരികൾ വിൽക്കാൻ ശ്രമിക്കുന്നുണ്ട്.
കോഫി ഡേ ഗ്രൂപ്പ് സ്ഥാപകൻ വി.ജി. സിദ്ധാർഥ ഓഹരി വില്പനയുമായി ബന്ധപ്പെട്ട് ജൂൺ അവസാനവാരം കൊക്കകോളയുമായി ചർച്ച നടത്തിയിരുന്നു. ഭൂരിപക്ഷ ഓഹരികൾ ഏറ്റെടുത്ത് 1,750 കഫേ കോഫി ഡേ ഒൗട്ട്ലെറ്റുകളുടെ നിയന്ത്രണാധികാരം ഏറ്റെടുക്കാനായിരിക്കും കൊക്കകോള ശ്രമിക്കുക. നേരത്തെ ചെറിയ ഓഹരികൾ വിറ്റ് നിയന്ത്രണം കൈവിടാതിരിക്കാനായിരുന്നു സിദ്ധാർഥ ശ്രമിച്ചത്.
കൊക്കകോളയുടെ പ്രധാന ഉത്പന്നമായ കാർബണേറ്റഡ് പാനീയങ്ങളുടെ ഉപഭോഗം കുറഞ്ഞതിനാൽ അതിവേഗം വളരുന്ന കോഫി മേഖലയിലേക്ക് തിരിയാനാണ് കൊക്കകോള ശ്രമിക്കുന്നത്.
അടുത്തിടെ സോഫ്റ്റ്വേർ ടെക്നോളജി പാർക്കായ ഗ്ലോബൽ വില്ലേജ് ടെക് പാർക്ക് 3000 കോടി രൂപയ്ക്ക് വിൽക്കാൻ ബ്ലാക്ക്സ്റ്റോൺ ഗ്രൂപ്പുമായി കോഫി ഡേ ഗ്രൂപ്പ് കരാറൊപ്പിട്ടിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ അസറ്റ് മാനേജ്മെന്റ് സ്ഥാപനമാണ് ബ്ലാക്ക്സ്റ്റോൺ ഗ്രൂപ്പ്. ഇതിനൊപ്പമാണ് സബ്സിഡിയറി സ്ഥാപനമായ സിക്കൽ ലോജിസ്റ്റിക്സിന്റെ ഓഹരികൾ വിൽക്കാൻ ശ്രമിക്കുന്നത്.
ഗ്ലോബൽ വില്ലേജിന്റെ വില്പനയിലൂടെ കോഫി ഡേ ഗ്രൂപ്പിന്റെ ബാധ്യത 1000 കോടി രൂപയായി കുറയ്ക്കാനാകുമെന്നാണ് കരുതുന്നത്.
നടപ്പു സാന്പത്തികവർഷം ഗ്രൂപ്പിന്റെ കോഫി ബിസിനസിൽ 2,250 കോടി രൂപയുടെ വിറ്റുവരവാണ് കന്പനി പ്രതീക്ഷിക്കുന്നത്. കാപ്പിക്കുരു കയറ്റുമതിയും കന്പനിയുടെ ബിസിനസിൽ ഉൾപ്പെടും. 2017-18ൽ 1,777 കോടി രൂപയും 2018-19ൽ 1,814 കോടി രൂപയും കന്പനി നേടിയിരുന്നു.
രാജ്യവ്യാപകമായി 1,750 സ്റ്റോറുകളുള്ളത് കൂടാതെ 60,000 വെൻഡിംഗ് മെഷീനുകളും കഫേ കോഫി ഡേയ്ക്കുണ്ട്. മാത്രമല്ല വിയന്ന, ചെക്ക് റിപ്പബ്ലിക്, മലേഷ്യ, നേപ്പാൾ, ഈജിപ്ത് എന്നിവിടങ്ങളിൽ സാന്നിധ്യവുമുണ്ട്.
കാർബണേറ്റഡ് ഡ്രിങ്കുകളിൽനിന്നു മാറി തങ്ങളുടെ ബിസിനസ് മേഖല വിപുലീകരിക്കാനാണ് കൊക്കകോളയുടെ ശ്രമം. ഇതിന്റെ ഭാഗമായി കഴിഞ്ഞ വർഷം കോസ്റ്റ കോഫി കഫേ ചെയിൻ 500 കോടി ഡോളറിന് ഏറ്റെടുക്കുമെന്ന് കൊക്കകോള പ്രഖ്യാപിച്ചിരുന്നു.
കോഫി ഡേ : കൊക്കകോളയുമായി വീണ്ടും ചർച്ച നടത്തിയേക്കും
10:41 PM Aug 19, 2019 | Deepika.com