കൊച്ചി: വാഹന വായ്പകൾ അതിവേഗം ലഭ്യമാക്കുന്ന പുതിയ സംവിധാനം ഫെഡറൽ ബാങ്ക് അവതരിപ്പിച്ചു. വായ്പാ അപേക്ഷയും അനുബന്ധ രേഖകളും ഓണ്‍ലൈൻ വഴി സ്വീകരിച്ച് ഏതാനും മണിക്കൂറുകൾക്കുള്ളിൽതന്നെ ഓണ്‍ലൈനായി വായ്പ അനുവദിക്കുന്ന സംവിധാനമാണിത്. അപേക്ഷയോടൊപ്പമുള്ള രേഖകളും അപേക്ഷകരുടെ മുൻകാല വായ്പാ ഇടപാടുകളും കൃത്യമായി അതിവേഗത്തിൽ പരിശോധിക്കാനുള്ള സൗകര്യം ഈ സംവിധാനത്തിലുണ്ട്.
ഫെഡറൽ ബാങ്കിന്റെ എറണാകുളം, മുംബൈ എന്നിവിടങ്ങളിലെ ബ്രാഞ്ചുകളിലാണ് ഈ സൗകര്യം ലഭ്യമായിട്ടുള്ളത്. ഭാവിയിൽ ഇതു മറ്റിടങ്ങളിലും ലഭ്യമാക്കും. ഉപയോക്താവിന്റെ തിരിച്ചടവു ശേഷിയും വായ്പാ അപേക്ഷയും വിശകലനം ചെയ്യുന്നതടക്കം നേരത്തെ ഓഫ് ലൈനായി ചെയ്തുവന്നിരുന്ന പ്രക്രിയകൾ ഇനി വേഗത്തിൽ പൂർത്തിയാക്കാനാകും. ഫെഡറൽ ബാങ്ക് ചീഫ് ഓപറേറ്റിംഗ് ഓഫീസർ ശാലിനി വാര്യർ ഈ സംവിധാനം അവതരിപ്പിച്ചു.
ഈ വായ്പാ സംവിധാനത്തിലൂടെ ലഭ്യമാക്കിയ ആദ്യ വാഹനം ശാലിനി വാര്യർ, ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് സംസ്ഥാന മേധാവി രാഹുൽ ജെയ്ൻ എന്നിവർ ചേർന്നു കൈമാറി. ഉത്സവകാല ഓഫറായി കേരളത്തിലെ ഹ്യുണ്ടായ്, മാരുതി മോഡലുകൾക്ക് ഓണ്‍-റോഡ് വിലയുടെ 95 ശതമാനം വരെ വായ്പ നല്കുമെന്നു ഫെഡറൽ ബാങ്ക് കേരള തലവനും എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ ജോസ് കെ. മാത്യു അറിയിച്ചു. ഫെഡറൽ ബാങ്ക് ഡിജിറ്റൽ വിഭാഗം തലവനും ഡെപ്യൂട്ടി വൈസ് പ്രസിഡന്റുമായ പി.വി. ജിതേഷ് , ഫെഡറൽ ബാങ്ക്, പോപ്പുലർ ഹുണ്ടായ് ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഫെഡറൽ ബാങ്കിൽനിന്ന് അതിവേഗ വാഹന വായ്പ
10:41 PM Aug 19, 2019 | Deepika.com