ടെഹ്റാൻ: ജിബ്രാൾട്ടർ സുപ്രീംകോടതി ഉത്തരവു പ്രകാരം വ്യാഴാഴ്ച മോചിപ്പിച്ച ഇറാന്റെ എണ്ണടാങ്കർ ഗ്രേസ് 1 ഉടൻ ജിബ്രാൾട്ടർ തുറമുഖം വിടും. ടാങ്കറിന്റെ പേര് അഡ്രിയാൻ ഡാര്യ1 എന്നു മാറ്റി. പാനമ പതാകയ്ക്കു പകരം ചുവപ്പ്, പച്ച, വെള്ള നിറങ്ങളുള്ള ഇറാൻ പതാകയും കപ്പലിൽ ഉയർത്തിയിട്ടുണ്ട്. മലയാളികൾ അടക്കമുള്ള 24 ഇന്ത്യൻ ജീവനക്കാരെയും വ്യാഴാഴ്ച മോചിപ്പിച്ചിരുന്നു.
കപ്പൽ വിട്ടയയ്ക്കുന്നതിനെതിരേ യുഎസ് കോടതി പുറപ്പെടുവിച്ച വാറന്റ് ജിബ്രാൾട്ടർ അവഗണിച്ചു. ഇറാനെതിരേയുള്ള യുഎസ് ഉപരോധം നടപ്പാക്കാൻ യുറോപ്യൻ യൂണിയനു ബാധ്യതയില്ലെന്നും അതിനാൽ തന്നെ സൂപ്പർ ടാങ്കർ വീണ്ടും തടഞ്ഞുവയ്ക്കുന്നതിനായി കോടതിയെ സമീപിക്കാനാവില്ലെന്നും ജിബ്രാൾട്ടർ ഭരണകൂടം വ്യക്തമാക്കി.
ജൂലൈ നാലിനാണ് പാനമ പതാകയുള്ള ഗ്രേസ് 1 ജിബ്രാൾട്ടർ പോലീസും ബ്രിട്ടീഷ് മറീനുകളും ചേർന്നു പിടികൂടിയത്. സിറിയയിലേക്ക് എണ്ണക്കള്ളക്കടത്തു നടത്തുന്നുവെന്നായിരുന്നു ആരോപണം. രണ്ടാഴ്ചയ്ക്കുശേഷം ബ്രിട്ടന്റെ എണ്ണക്കപ്പൽ ഇറാനും പിടിച്ചു.
വ്യാഴാഴ്ച ജിബ്രാൾട്ടർ സുപ്രീംകോടതി ഉത്തരവു പ്രകാരം മോചിപ്പിച്ചെങ്കിലും ടാങ്കർ ഇന്നലെ രാവിലെയും തുറമുഖത്ത് നങ്കൂരമിട്ടിരിക്കുകയായിരുന്നു. ആവശ്യമെങ്കിൽ യുദ്ധക്കപ്പലുകൾ അയച്ച് ടാങ്കർ കൊണ്ടുപോകു മെന്ന് ഇറാൻ വ്യക്തമാക്കി.
ഇറേനിയൻ ടാങ്കറിനു പുതിയ പേരും പതാകയും
12:16 AM Aug 19, 2019 | Deepika.com