ന്യൂഡൽഹി: സെപ്റ്റംബർ അഞ്ചിന് രാജ്യവ്യാപകമായി ജിയോ ഫൈബർ പ്രവർത്തനമാരംഭിക്കും. അതിനു മുന്നോടിയായി രജിസ്ട്രേഷൻ നടപടികൾ ജിയോ തുടങ്ങി. ലാൻഡ്ലൈൻ ഫോൺ കണക്ഷൻ, ടിവി സെറ്റ് ടോപ് ബോക്സ് തുടങ്ങിയവ ഉൾപ്പെട്ട ജിയോ ഫൈബർ പ്ലാനുകൾ ആരംഭിക്കുന്നത് പ്രതിമാസം 700 രൂപ മുതലാണ്. പ്രീമിയം വരിക്കാർക്ക് 10,000 രൂപ വരെയുള്ള വരിസംഖ്യയുണ്ട്.
വാർഷിക വരിക്കാരാകുന്നവർക്ക് വെൽകം ഓഫറായി എച്ച്ഡി/4കെ എൽഇഡി ടിവിയും 4കെ സെറ്റ് ടോപ് ബോക്സും സൗജന്യമായി നല്കും. ലാൻഡ് ലൈൻ കണക്ഷനും സൗജന്യമാണ്.
എങ്ങനെ വരിക്കാരാകാം?
2500 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് അടച്ച് വരിക്കാരാകാം. അതിനു മുന്പ് ഓൺലൈൻ ആയി പേര് രജിസ്റ്റർ ചെയ്യണം. മൂന്നു ഘട്ടമാണ് ഓൺലൈൻ രജിസ്ട്രേഷനുള്ളത്. ജിയോ ഫൈബർ വെബ്സൈറ്റിൽ പ്രവേശിച്ച് പേര്, മൊബൈൽ നന്പർ, ഇ-മെയിൽ ഐഡി എന്നിവ നല്കി രജിസ്റ്റർ ചെയ്യാം. വെരിഫിക്കേഷനുവേണ്ടി ഒടിപി (വൺ ടൈം പാസ്വേഡ്) മൊബൈൽ നന്പരിൽ ലഭിക്കും. ജിയോ ഫൈബർ വരിക്കാരനാവാനുള്ള സന്നദ്ധത അറിയിച്ച സ്ഥിതിക്ക് വൈകാതെതന്നെ ജിയോയുടെ സെയിൽസ് റെപ്രസെന്റേറ്റീവിന്റെ കോൾ ലഭിക്കും.
കണക്ഷൻ എടുക്കാൻ ഏതെങ്കിലും തിരിച്ചറിയൽ രേഖ നല്കണം. ആധാർ കാർഡ്, വോട്ടർ ഐഡി, പാൻ കാർഡ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ് എന്നിവയിൽ ഏതെങ്കിലും തിരിച്ചറിയൽ രേഖയായി സമർപ്പിക്കാം.
കണക്ഷൻ
രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായാൽ, അപേക്ഷകന്റെ പ്രദേശത്ത് ജിയോ ഫൈബർ സർവീസ് ലഭ്യമാണെങ്കിൽ ഇൻസ്റ്റാളേഷൻ എൻജിനിയർ അപേക്ഷകന്റെ വീട്ടിലെത്തും. ഘടിപ്പിച്ചുകഴിഞ്ഞാൽ രണ്ടു മണിക്കൂറിനുള്ളിൽ കണക്ഷൻ ആക്ടിവേറ്റ് ആകുകയും ചെയ്യും.
വെബ്സൈറ്റ്: https://giga fiber.jio.com/registration
റിലയൻസ് ജിയോ ഫൈബർ വരിക്കാരാകാൻ എന്തു ചെയ്യണം?
10:13 PM Aug 17, 2019 | Deepika.com