കൊളംബോ: ഈ വർഷാവസാനം നടത്തുന്ന ശ്രീലങ്കാ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഗോതഭ്യ രാജപക്സെ ശ്രീലങ്കാ പൊതുജന പെരാമുന പാർട്ടിയുടെ (എസ്എൽ പിപി)സ്ഥാനാർഥിയായിരിക്കുമെന്ന് മുൻ പ്രസിഡന്റ് മഹിന്ദ രാജപക്സെ പ്രഖ്യാപിച്ചു. മഹിന്ദയുടെ സഹോദരനായ ഗോതഭ്യ പ്രതിരോധ സെക്രട്ടറിയെന്ന നിലയിൽ എൽഎൽടിഇയെ തകർക്കുന്നതിൽ നിർണായക പങ്കു വഹിച്ചു.
മൂന്നുദശകം ദീർഘിച്ച ആഭ്യന്തര യുദ്ധം അവസാനിപ്പിച്ചതിനെത്തുടർന്ന് ഭൂരിപക്ഷ സിംഹള ബുദ്ധമതക്കാർക്കിടയിൽ ഗോതഭ്യയ്ക്ക് വീരനായകന്റെ പരിവേഷം കിട്ടി.
രാജപക്സെ കുടുംബം മുൻകൈയെടുത്തു രൂപീകരിച്ച എസ്എൽപിപിയുടെ സ്ഥാനാർഥി ഗോതഭ്യയായിരിക്കുമെന്നു നേരത്തെ അഭ്യൂഹമുണ്ടായിരുന്നു. ഇന്നലെ മഹിന്ദ രാജപക്സെ ഔദ്യോഗികമായി സഹോദരനെ പ്രസിഡന്റ സ്ഥാനാർഥിയായി നോമിനേറ്റു ചെയ്യുകയായിരുന്നു. രണ്ടു തവണ പ്രസിഡന്റായ മഹിന്ദ രാജപക്സെയ്ക്ക് ഇനി മത്സരിക്കാനാവില്ല. ശ്രീലങ്കൻ, യുഎസ് ഇരട്ട പൗരത്വം ഉണ്ടായിരുന്ന ഗോതഭ്യ പ്രസിഡന്റ് പദത്തിലേക്കു മത്സരിക്കുന്നതിനു മുന്നോടിയായി രണ്ടാഴ്ച മുന്പ് അമേരിക്കൻ പൗരത്വം ഉപേക്ഷിച്ചു. ശ്രീലങ്കൻ സൈന്യത്തിൽ കേണൽ പദവിയുണ്ടായിരുന്ന ഗോതഭ്യ 1992ലാണു യുഎസിലേക്കു കുടിയേറിയത്. ഗോതഭ്യക്ക് എതിരേ ലങ്കൻ കോടതിയിൽ നിരവധി കേസുകൾ നിലവിലുണ്ട്.
ശ്രീലങ്കയിൽ വീണ്ടും തീവ്രവാദം തലപൊക്കാൻ അനുവദിക്കില്ലെന്ന് നോമിനേഷൻ പ്രഖ്യാപനത്തെത്തുടർന്ന് ഗോതഭ്യ രാജപക്സെ പറഞ്ഞു. ശ്രീലങ്കയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാൻ പുറത്തുനിന്ന് ഒരു ശക്തിയെയും അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. സെപ്റ്റംബറിൽ തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കും. ഡിസംബർ എട്ടിനു മുന്പായി തെരഞ്ഞെടുപ്പു നടത്തേണ്ടതുണ്ട്.
ഗോതഭ്യ രാജപക്സെ പ്രസിഡന്റ് സ്ഥാനാർഥി
11:22 PM Aug 11, 2019 | Deepika.com