ടെഹ്റാൻ: ഇറാൻ മൂന്നു പുതിയ ഉപരിതല മിസൈലുകൾ പ്രവർത്തന സജ്ജമാക്കി. അമേരിക്കയുടെ ഭീഷണി നേരിടാൻ ഇറാൻ തയാറാണെന്ന് മിസൈലുകൾ പുറത്തിറക്കിയ വിവരം അറിയിച്ച് പ്രതിരോധമന്ത്രി ബ്രിഗേഡിയർ ജനറൽ അമിർ ഹട്ടാമി വ്യക്തമാക്കി. വിമാനത്തിൽനിന്നോ ഡ്രോണിൽനിന്നോ വിക്ഷേപിക്കാവുന്ന യാസിൻ, ജിപിഎസ് ഘടിപ്പിച്ച ഗെയിം, ബലബാൻ തുടങ്ങിയവയാണ് പുതിയ മിസൈലുകൾ.
ഇതിനിടെ ഇറാനുമായി ചർച്ചയ്ക്ക് അമേരിക്ക ആഗ്രഹിക്കുന്നുവെങ്കിൽ ആദ്യമായി ഉപരോധം നീക്കം ചെയ്യണമെന്ന് ഇറാൻ പ്രസിഡന്റ് റുഹാനി നിർദേശിച്ചു.
ഇറാനുമായി യുദ്ധത്തിനു തുനിഞ്ഞാൽ അതു യുദ്ധങ്ങളുടെ മാതാവായി മാറുമെന്ന് വിദേശമന്ത്രാലയത്തിൽ നടത്തിയ പ്രസംഗത്തിൽ റുഹാനി ഭീഷണി മുഴക്കി. വിദേശകാര്യമന്ത്രി ജാവേദ് സരിഫിനെ റുഹാനി പ്രശംസിച്ചു. ഈയിടെ ജാവേദിന് എതിരേ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരുന്നു. പ്രസിഡന്റ് ട്രംപിനെ കാണാനുള്ള ക്ഷണം നിരസിച്ചതിനാണ് ഉപരോധം പ്രഖ്യാപിച്ചതെന്നു വാർത്തയുണ്ടായിരുന്നു.
ഇറാൻ പുതിയ മൂന്നു മിസൈലുകൾ പുറത്തിറക്കി
11:29 PM Aug 06, 2019 | Deepika.com