ടെഹ്റാൻ: സൈന്യം പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പൽ തിരികെ വിടണമെന്ന ആവശ്യം ഇറാൻ തള്ളി. കപ്പൽ ജീവനക്കാരുടെ സഹകരണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അന്വേഷണ പുരോഗതിയെന്നും ഇറാൻ വ്യക്തമാക്കി.
ബ്രിട്ടീഷ് എണ്ണക്കപ്പൽ ദ സ്റ്റെന ഇംപേറോ വെള്ളിയാഴ്ചയാണ് ഇസ്ലാമിക് റെവലൂഷണറി ഗാർഡ് പിടിച്ചെടുത്തത്. മത്സ്യബന്ധന ബോട്ടിൽ ഇടിച്ചിട്ടു നിർത്താതെ പോയതിനെത്തുടർന്നാണ് കപ്പൽ പിടിച്ചെടുത്തതെന്നാണ് ഇറാൻ പറയുന്നത്. കപ്പലിൽ 23 ജീവനക്കാരുണ്ട്. ഇതിൽ ക്യാപ്റ്റൻ അടക്കം 18 പേർ ഇന്ത്യക്കാരാണ്. മൂന്നു പേർ റഷ്യക്കാരും ഓരോ ലാത്വവിയൻ, ഫിലിപ്പീൻസ് പൗരന്മാരുമാണുള്ളത്. ഇന്ത്യക്കാരിൽ മൂന്നു പേർ മലയാളികളാണെന്നാണ് സൂചന.
സ്പീഡ് ബോട്ടിൽ വളഞ്ഞശേഷം ഹെലികോപ്റ്ററിൽനിന്നു കയറിലൂടെ സൈനികർ കപ്പലിൽ ഇറങ്ങുന്നതിന്റെ വീഡിയോ ദൃശ്യം ശനിയാഴ്ച സൈന്യം പുറത്തുവിട്ടിരുന്നു. കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണെന്നും കപ്പൽ സുരക്ഷിത സ്ഥാനത്തു നങ്കൂരമിട്ടിരിക്കുകയാണെന്നും ഹോർമസ്ഗാൻ പ്രവിശ്യാ ഗവർണർ പറഞ്ഞു.
ബ്രിട്ടീഷ് കപ്പൽ വിട്ടയയ്ക്കില്ല: ഇറാൻ
12:31 AM Jul 22, 2019 | Deepika.com