വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഇംപീച്ചു ചെയ്യാൻ നടപടി സ്വീകരിക്കണമെന്നു നിർദേശിക്കുന്ന പ്രമേയം യുഎസ് ജനപ്രതിനിധിസഭ വോട്ടിനിട്ടു തള്ളി.
ഡെമോക്രാറ്റുകൾക്കു ഭൂരിപക്ഷമുള്ള പ്രതിനിധിസഭയിൽ പ്രമേയത്തെ എതിർത്ത് 332 പേരും അനുകൂലിച്ച് 95 പേരുമാണു വോട്ടു ചെയ്തത്.
ജനങ്ങൾക്കിടയിൽ അനൈക്യത്തിന്റെ വിത്തുപാകുന്ന ട്രംപ് പ്രസിഡന്റായിരിക്കാൻ യോഗ്യനല്ലെന്നു ടെക്സസിൽനിന്നുള്ള പ്രതിനിധി സഭാംഗം അൽ ഗ്രീൻ അവതരിപ്പിച്ച പ്രമേയത്തിൽ പറഞ്ഞു.
വെള്ളക്കാരല്ലാത്ത നാല് വനിതാ ഡെമോക്രാറ്റ് അംഗങ്ങൾക്ക് എതിരേ ട്രംപ് വംശീയച്ചുവയുള്ള ട്വീറ്റ് പുറപ്പെടുവിച്ചതിനെത്തുടർന്നാണ് അൽഗ്രീൻ പ്രമേയം അവതരിപ്പിക്കാൻ തീരുമാനിച്ചത്. നേരത്തെ പ്രതിനിധി സഭ ട്രംപിനെ കുറ്റപ്പെടുത്തുന്ന പ്രമേയം പാസാക്കിയിരുന്നു. അമേരിക്കയോടു വിദ്വേഷമുള്ളവർക്ക് സ്വന്തം ജന്മനാടുകളിലേക്ക് മടങ്ങാം എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്.
ട്വീറ്റിന്റെ പേരിൽ ട്രംപിനെ കുറ്റപ്പെടുത്തുന്ന പ്രമേയത്തെ ഡെമോക്രാറ്റുകൾക്കു പുറമേ നാല് റിപ്പബ്ലിക്കൻ അംഗങ്ങളും അനുകൂലിച്ചു.
ട്രംപിനെതിരേയുള്ള ഇംപീച്ച്മെന്റ് പ്രമേയം തള്ളി
12:23 AM Jul 19, 2019 | Deepika.com