കൊച്ചി: ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് ഇന്ത്യയിലെ ആദ്യത്തെ ഫുള്ളി ഇലക്ട്രിക് എസ്യുവി ആയ കോന ഇലക്ട്രിക് കൊച്ചിയില്‍ അവതരിപ്പിച്ചു. പോപ്പുലര്‍ ഹ്യുണ്ടായ് ഷോറൂമില്‍ മന്ത്രി എ.കെ. ശശീന്ദ്രന് വാഹനം പുറത്തിറക്കി. ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഇ. സുരേഷ്, ആര്‍ടിഒ മനോജ് കുമാര്‍, പോപ്പുലര്‍ ഗ്രൂപ്പ് ഡയറക്ടര്‍ തോമസ് സാജു, സിഇഒ സുജിത് ചന്ദ്രന്, ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് റീജണല്‍ സെയില്‍സ് മാനേജര്‍ രാഹുല്‍ ജെയിന്, റീജണല്‍ സര്‍വീസ് മാനേജര്‍ കെ.ജോണ്‍ പോള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ആകര്‍ഷകമായ ഡിസൈനും മികച്ച ഡ്രൈവിംഗും ടെക്നോളജിയും സമം ചേര്‍ത്ത് അവതരിപ്പിക്കുന്ന ഹ്യുണ്ടായ് കോനയ്ക്ക് ഒറ്റ ചാര്‍ജില്‍ 452 കിലോമീറ്ററോളം സഞ്ചരിക്കാന്‍ സാധിക്കും. മനോഹരമായ ഗ്രില്ലും അതില്‍ ഘടിപ്പിച്ചിരിക്കുന്ന ഇന്റഗ്രേറ്റഡ് ചാര്‍ജിംഗ് പോര്‍ട്ടും എല്‍ഇഡിയോട് കൂടിയ ഹെഡ്ലൈറ്റും ഡിആര്‍എലും റൂഫ്റെയിലുകളും 17 ഇഞ്ചുള്ള മികച്ച അലോയ് വീലുകളും ഈ വാഹനത്തിന് പ്രീമിയം ലുക്ക് നല്കുന്നു. ഒരേസമയം നഗരയാത്രയ്ക്കും സാഹസികയാത്രയ്ക്കും ഒരുപോലെ ഉതകുന്ന രീതിയിലാണ് കോന ഇലക്ട്രിക് ഡിസൈന്‍ ചെയ്തിരിക്കുന്നത്.
അതിവേഗ ചാര്‍ജിംഗാണ് മറ്റൊരു സവിശേഷത. 39.2 കെഡബ്ല്യുഎച്ച് ലിഥിയം അയണ്‍ പോളിമര്‍ ബാറ്ററിയും പെര്‍മനന്റ് മാഗ്നറ്റ് സിന്‍ക്രണസ് ഇലക്ട്രിക് മോട്ടോറുമാണുള്ളത്. പോര്‍ട്ടബിള്‍ ചാര്‍ജര്‍, എസി വാള് പോക്സ് ചാര്‍ജര്‍ എന്നിങ്ങനെ രണ്ടുതരം ചാര്‍ജറുകളാണ് കോന ഇലക്ട്രിക്കില്‍ ലഭ്യമാകുക. 25.33 ലക്ഷം രൂപ മുതലാണ് കേരളത്തിലെ എക്സ് ഷോറൂം വില.
ഹ്യുണ്ടായ് കോന ഇലക്ട്രിക് അവതരിപ്പിച്ചു
12:22 AM Jul 19, 2019 | Deepika.com