ബാഗ്ദാദ്: ഇറാക്കിലെ കുർദിഷ് മേഖലയായ ഇർബിൽ നഗരത്തിലെ തുർക്കി കോൺസുലേറ്റ് ഉദ്യോഗസ്ഥൻ വെടിയേറ്റു മരിച്ചു. ഒരു സിവിലിയനു പരിക്കേറ്റിട്ടുമുണ്ട്. കുർദിസ്ഥാൻ സ്വയംഭരണ മേഖലയുടെ തലസ്ഥാനമാണ് ഇർബിൽ.
ഇവിടെ തുർക്കി ഉദ്യോഗസ്ഥർ പതിവായി എത്താറുള്ള റസ്റ്റോറന്റിലാണു വെടിവയ്പുണ്ടായത്. രണ്ടു തോക്കുകളുമായി എത്തിയ അക്രമി തലങ്ങും വിലങ്ങും വെടിയുതിർക്കുകയായിരുന്നു.
തങ്ങളുടെ ഉദ്യോഗസ്ഥൻ ഉൾപ്പെടെ രണ്ടു പേർ കൊല്ലപ്പെട്ടെന്ന് ഇർബിലിലെ തുർക്കി കോൺസുലേറ്റ് അറിയിച്ചു.
വെടിവയ്പിനുശേഷം രക്ഷപ്പെട്ട അക്രമിക്കുവേണ്ടി വ്യാപകമായ തെരച്ചിൽ ആരംഭിച്ചു. കുറ്റക്കാരെ വെറുതെ വിടില്ലെന്നു തുർക്കി പ്രസിഡന്റ് തയിബ് എർദോഗന്റെ വക്താവ് ഇബ്രാഹിം കലിൻ പറഞ്ഞു.
തുർക്കി നയതന്ത്ര ഉദ്യോഗസ്ഥൻ വെടിയേറ്റു മരിച്ചു
12:45 AM Jul 18, 2019 | Deepika.com