ദുബായി: യുഎഇയുടെ കിഴക്കൻ തീരത്തെ ഫൂജൈറയിലേക്ക് പോയ എണ്ണടാങ്കർ(എണ്ണക്കപ്പൽ) ഇറാൻ പിടിച്ചെന്നു റിപ്പോർട്ട്. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ച ഈ കപ്പലിൽ നിന്നുള്ള സിഗ്നലുകൾ ശനിയാഴ്ചയ്ക്കുശേഷം കിട്ടുന്നില്ല.പാനമയുടെ പതാക വഹിക്കുന്ന റിയാ ഇറാന്റെ സമുദ്രാതിർത്തിയിൽ കടന്നശേഷമാണു സിഗ്നൽ കിട്ടാതായത്. കപ്പലിന് എന്തു പറ്റിയെന്ന് ഇറാൻ വിശദീകരിച്ചിട്ടില്ല.
ഇറാൻ വിപ്ളവഗാർഡുകളുടെ താവളം സ്ഥിതിചെയ്യുന്ന ക്വേഷാം ദ്വീപിനു സമീപം വച്ചാണു കപ്പൽ കാണാതായതെന്നും ഇറാനെയാണു സംശയമെന്നും ഒരു യുഎസ് പ്രതിരോധ ഉദ്യോഗസ്ഥൻ പറഞ്ഞു. കപ്പൽ യുഎഇയുടെ ഉടമസ്ഥതയിലുള്ളതല്ലെന്നും എമിറാത്തി ഉദ്യോഗസ്ഥരാരും അതിലില്ലെന്നും യുഎഇയിലെ ഒരുദ്യോഗസ്ഥൻ പറഞ്ഞു.
ഈയിടെ സിറിയയിലേക്ക് പോയ ഇറാന്റെ സൂപ്പർടാങ്കർ ജിബ്രാൾട്ടറിൽ ബ്രിട്ടീഷ് നാവികർ പിടികൂടിയിരുന്നു. ഇതു തിരിച്ചുതന്നില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഇറാൻ ഭീഷണി മുഴക്കി.
ഹോർമുസ് കടലിടുക്കിൽ സഞ്ചരിച്ച എണ്ണടാങ്കർ ഇറാൻ പിടിച്ചു
12:18 AM Jul 17, 2019 | Deepika.com