മോസ്കോ: പ്രപഞ്ചത്തെക്കുറിച്ചുള്ള കൂടുതൽ രഹസ്യങ്ങൾ തേടി സ്പെക്റ്റർ-ആർജി ബഹിരാകാശ ടെലിസ്കോപ് പുറപ്പെട്ടു. ആകാശത്തെ മുഴുവൻ എക്സ്-റേ കിരണങ്ങളും പകർത്തുകയെന്ന ലക്ഷ്യത്തോടെയാണ് റഷ്യയും ജർമനിയും ചേർന്ന് ഈ എക്സ്-റേ ടെലിസ്കോപ് വികസിപ്പിച്ചത്.
ഇന്നലെ കസാക്കിസ്ഥാനിലെ ബൈക്കനോരുവിൽനിന്നു പ്രോട്ടോൺ റോക്കറ്റ് ടെലിസ്കോപ്പുമായി ഉയർന്നു. ഭൂമിയിൽനിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയാണു പ്രവർത്തിക്കുക. മൂന്നു മാസമെടുക്കും ഇവിടെയെത്താൻ.
ആറു മാസത്തെ നിരീക്ഷണംകൊണ്ട് മുഴുവൻ ആകാശത്തിന്റെയും എക്സ്-റേ മാപ്പ് തയാറാക്കാൻ കഴിയും. ഈ പ്രക്രിയ തുടർന്നും ആവർത്തിക്കുന്പോൾ പ്രപഞ്ചത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കും.
തമോഗർത്തം, തമോഊർജം എന്നീ ദുരൂഹ പ്രതിഭാസങ്ങളെക്കുറിച്ചു കൂടുതൽ വിവരങ്ങൾ നല്കാൻ ടെലിസ്കോപ്പിനാകും. പ്രപഞ്ച കേന്ദ്രത്തിലെ ഭീമൻ തമോഗർത്തങ്ങൾ വരെ സ്പെക്റ്റർ-ആർജി കണ്ടെത്തും. 30 ലക്ഷം പുതിയ തമോഗർത്തങ്ങൾ കണ്ടെത്താനാകുമെന്നാണു പ്രതീക്ഷ.
സോവിയറ്റ് കാലഘട്ടത്തിനു ശേഷം റഷ്യയുടെ ഏറ്റവും സുപ്രധാന ബഹിരാകാശ പദ്ധതിയാണിത്.
പ്രപഞ്ചരഹസ്യങ്ങൾ തേടി സ്പെക്റ്റർ-ആർജി പുറപ്പെട്ടു
12:26 AM Jul 14, 2019 | Deepika.com