പാരീസ്: നോട്ടർഡാം കത്തീഡ്രലിനു തീപിടിച്ചത് സിഗരറ്റു കുറ്റിയിൽനിന്നാവാമെന്ന് നിഗമനം. വൈദ്യുതി ഷോർട്ട് സർക്യൂട്ടും കാരണമാവാം. ഏതായാലും ഇതിനു പിന്നിൽ ക്രിമിനലുകളുടെ കൈയില്ലെന്ന് ഏതാണ്ടു വ്യക്തമാണെന്ന് പാരീസ് പ്രോസിക്യൂട്ടർമാർ ഇന്നലെ വ്യക്തമാക്കി.
ഏപ്രിലിൽ ഉണ്ടായ തീപിടിത്തത്തിനുശേഷം കഴിഞ്ഞ വ്യാഴാഴ്ച മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് കത്തീഡ്രലിനുള്ളിൽ കടന്ന് വിശദ പരിശോധന നടത്താനായത്. തീകെടുത്താൻ വൻതോതിൽ വെള്ളം ഉപയോഗിച്ചതു മൂലവും തീയുടെ ശക്തി മൂലവും മിക്കവാറും തെളിവുകൾ നശിച്ചു.
എന്നാൽ തീപിടിത്ത സമയത്ത് കത്തീഡ്രലിന്റെ നവീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ജോലിക്കാർ ഉൾപ്പെടെ നിരവധി പേരെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. കത്തീഡ്രൽ പരിസരത്തുനിന്ന് സിഗരറ്റ് കുറ്റികൾ കണ്ടെടുത്തു. പുകവലി നിരോധിച്ചിരുന്നിട്ടും സിഗരറ്റ് കുറ്റികൾ കാണാനിടയായ സംഭവം ഗൗരവപൂർവം പരിഗണിക്കുന്നുണ്ട്. സിഗരറ്റിൽ നിന്നു തീപിടിത്തമുണ്ടായെന്ന നിഗമനവും ഇതിന്റെ അടിസ്ഥാനത്തിലാണെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
കത്തിനശിച്ച ഗോപുരത്തിൽ വൈദ്യുതി കൊണ്ടു പ്രവർത്തിക്കുന്ന മണികളും മറ്റ് ഇലക്ട്രിക്കൽ ഉപകരണങ്ങളും ലൈനുകളും ഉണ്ടായിരുന്നു. ഷോർട്ട് സർക്യൂട്ടു മൂലം തീയുണ്ടാവാനുള്ള സാധ്യതയും തള്ളുന്നില്ല.
നോട്ടർഡാം; തീപിടിച്ചതു സിഗരറ്റു കുറ്റിയിൽ നിന്ന്്?
01:20 AM Jun 27, 2019 | Deepika.com