കട്ടപ്പന: രണ്ടുദിവസത്തിനുശേഷം വീണ്ടും റിക്കാർഡ് തിരുത്തി ഏലക്കയുടെ ഉയർന്ന വില 5,734 രൂപയിലെത്തി. ഇന്നലെ പുറ്റടി സ്പൈസസ് പാർക്കിൽ നടന്ന വണ്ടന്മേട് മാസ് എന്റർപ്രൈസസിന്റെ ലേലത്തിലാണ് കിലോഗ്രാമിനു ചരിത്രത്തിലെ ഉയർന്ന വില രേഖപ്പെടുത്തിയത്. 101 ലോട്ടുകളിലായി വില്പനയ്ക്കെത്തിയ 15,857 കിലോഗ്രാമിൽ മുഴുവനും വിറ്റുപോയി. 3154.47 രൂപയാണ് ശരാശരി വില. കഴിഞ്ഞ 20ന് നടന്ന ലേലത്തിൽ ഉയർന്ന വില 5,000 രൂപയിലെത്തിയിരുന്നു.
ഇന്നലെ 5734 രൂപയ്ക്ക് 8.7 കിലോഗ്രാം ഏലക്കായാണ് വിറ്റുപോയത്. ഇ-ലേലത്തിലെ ഉയർന്ന വിലയുടെ പ്രയോജനം കർഷകർക്ക് ലഭിക്കില്ല. ആഭ്യന്തര വിപണിയിൽ ഏലക്കയുടെ വരവ് നാമമാത്രമാണ്. കാലവർഷം ദുർബലമായി തുടരുന്നതിനാൽ ഇത്തവണ ഏലക്കാ സീസണ് സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലേ ഉണ്ടാകൂ.
ഇതിനിടെ വ്യാപാരികളെയും കർഷകരെയും കബളിപ്പിച്ച് ഏലക്ക തട്ടുന്ന സംഘങ്ങളും ഹൈറേഞ്ചിൽ എത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം മുട്ടുകാട് സ്വദേശിയുടെ ഒന്നരക്കോടിയിലധികം വിലവരുന്ന ഏലക്കാ തട്ടിയ മലപ്പുറം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഏലക്ക @ 5,743 രൂപ
12:12 AM Jun 23, 2019 | Deepika.com