കൊച്ചി: കോണ്‍ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) സംഘടിപ്പിക്കുന്ന ഏഴാമതു ഹെൽത്ത് ടൂറിസം ഉച്ചകോടി ജൂലൈ മൂന്ന്, നാല് തീയതികളിൽ കൊച്ചി ലേ മെറിഡിയനിൽ നടക്കും. "ആരോഗ്യ മൂല്യങ്ങൾ ലഭ്യമാക്കുന്ന യാത്ര' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ഇത്തവണത്തെ ഉച്ചകോടി സംഘടിപ്പിക്കുന്നതെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
പ്രമുഖ ആശുപത്രികളിലെ ഉന്നതർ, ഒൻപതു രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധി സംഘങ്ങൾ, നയതന്ത്ര പ്രതിനിധികൾ, അന്താരാഷ്ട്ര ഇൻഷ്വറൻസ് കന്പനികൾ, വിവിധ രാജ്യങ്ങളിൽ ആരോഗ്യ സേവനങ്ങൾ നല്കുന്ന സ്ഥാപനങ്ങൾ എന്നിവരും ഉച്ചകോടിയിൽ പങ്കെടുക്കും.
വൈദ്യോപകരണ നിർമാതാക്കളുടെയും വൈദ്യശാസ്ത്ര സംബന്ധിയായ സാങ്കേതികവിദ്യാ രംഗത്തുള്ള സ്ഥാപനങ്ങളുടെയും വിപുലമായ പ്രദർശനവും ഇതോടനുബന്ധിച്ചു നടക്കും.
കേന്ദ്ര വാണിജ്യ, വ്യവസായ അഡീഷണൽ സെക്രട്ടറി സുധാൻഷു പാണ്ഡേ, സേവന കയറ്റുമതി പ്രോത്സാഹന കൗണ്‍സിൽ ഡയറക്ടർ ജനറൽ സംഗീത ഗോഡ്ബോളെ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും ഉച്ചകോടിയിൽ സംബന്ധിക്കും.
ചികിത്സാരംഗത്തെ കേരളത്തിന്റെ മികവ്, ആരോഗ്യ ഇൻഷ്വറൻസ്, ആരോഗ്യ ടൂറിസം വികസിപ്പിക്കുന്നതിൽ സർക്കാരിന്റെ പങ്ക്, സമഗ്ര ചികിത്സ പ്രോത്സാഹിപ്പിക്കുന്നതിൽ കേരളത്തിന്റെ മാതൃക, ആരോഗ്യ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിൽ വൈദ്യോപകരണ നിർമാതാക്കളുടെ പങ്ക് തുടങ്ങിയ വിഷയങ്ങൾ ഉച്ചകോടിയിൽ ചർച്ച ചെയ്യും.
കൂടുതൽ വിവരങ്ങൾക്കും പങ്കെടുക്കുന്നതിനും 0484-4012300 എന്ന നന്പറിലോ saji.mathew @cii.in, cii.kerala@cii.in എന്നീ ഇ- മെയിൽ വിലാസങ്ങളിലോ ബന്ധപ്പെടണം.
പത്രസമ്മേളനത്തിൽ രാജഗിരി ഹോസ്പിറ്റൽ സിഇഒ ആൻഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോണ്സണ് വാഴപ്പിള്ളി, സിഐഐ ഹെഡ് ആൻഡ് ഡയറക്ടർ ജോണ്‍ കുരുവിള, അസ്റ്റർ മെഡ്സിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജെൽസണ്‍ കവളക്കാട്ട് തുടങ്ങിയവർ പങ്കെടുത്തു.
സിഐഐ ഹെൽത്ത് ടൂറിസം ഉച്ചകോടി കൊച്ചിയിൽ
12:25 AM Jun 21, 2019 | Deepika.com