വാഷിംഗ്ടൺ ഡിസി: ബ്രിട്ടനിലെ ചാൾസ് രാജകുമാരനെ തിമിംഗലങ്ങളുടെ രാജകുമാരനെന്നു വിളിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് സോഷ്യൽ മീഡിയയിൽ പരിഹാസവർഷം. അടുത്തിടെ നടത്തിയ ബ്രിട്ടീഷ് സന്ദർശനത്തെക്കുറിച്ച് ട്രംപ് നടത്തിയ ട്വീറ്റിൽ അക്ഷരത്തെറ്റ് സംഭവിക്കുകയായിരുന്നു.
വെയിൽസിലെ രാജകുമാര(ചാൾസ്)നുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് അദ്ദേഹം പറഞ്ഞത്. പക്ഷേ Wales എന്ന് എഴുതിയപ്പോൾ ട്രംപിന് പിഴച്ചു. തിമിംഗലം എന്നർഥമുള്ള Whale എന്ന വാക്കിനൊപ്പം S കൂടി ചേർത്ത് Whales ആക്കി.
ട്വിറ്ററിൽ ട്രംപിന് 6.1 കോടി ഫോളോവേഴ്സ് ഉണ്ട്. പതിവായി അക്ഷരത്തെറ്റു വരുത്താറുള്ള ട്രംപിന്റെ ഇത്തവണത്തെ തെറ്റ് ഫോളോവേഴ്സ് വളരെ എളുപ്പം തിരിച്ചറിഞ്ഞു. അദ്ദേഹം ഈ തെറ്റ് മനഃപൂർവം വരുത്തിയതാണോയെന്ന് ചിലർ പരിഹസിച്ചു.
ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞിയെ കണ്ടു എന്നൊരു തെറ്റും ട്രംപിന്റെ ട്വീറ്റിൽ ഉണ്ടായിരുന്നു. എലിസബത്ത് രാജ്ഞി ഇംഗ്ലണ്ട് ഉൾപ്പെടുന്ന ഗ്രേറ്റ് ബ്രിട്ടന്റെയും വടക്കൻ അയർലണ്ടിന്റെയും രാജ്ഞിയാണ്.
ചാൾസുമായി ബന്ധപ്പെട്ട തെറ്റ് ട്രംപ് വേഗം തിരുത്തി. പക്ഷേ, എലിസബത്ത് രാജ്ഞിയുമായി ബന്ധപ്പെട്ട തെറ്റ് തിരുത്തിയില്ല.
ചാൾസിനെ തിമിംഗലങ്ങളുടെ രാജകുമാരനാക്കി ട്രംപ്
11:25 PM Jun 14, 2019 | Deepika.com