മുംബൈ: ഇന്ത്യൻ ഐടി കന്പനിയായ ടാറ്റാ കണ്‍സൾട്ടൻസി സർവീസസ് (ടിസിഎസ്) വിപണിമൂല്യത്തിൽ ഐബിഎമ്മിനെ മറികടന്നു. തിങ്കളാഴ്ചയാണ് ഈ നിർണായക നാഴികക്കല്ല് ടിസിഎസ് പിന്നിട്ടത്. തിങ്കളാഴ്ച വ്യാപാരം അവസാനിച്ചപ്പോൾ 12,050 കോടി ഡോളർ (8.37 ലക്ഷം കോടി രൂപ) ആയിരുന്നു ടിസിഎസിന്റെ മൂല്യം. അതേസമയം, ന്യൂയോർക്കിലെ ഐബിഎമ്മിന്റെ മൂല്യം 11,960 കോടി ഡോളർ (8.32 ലക്ഷം കോടി രൂപ) ആയിരുന്നു.
തിങ്കഴാഴ്ച റിലയൻസ് ഇൻഡസ്ട്രീസിന്റെ 8.36 ലക്ഷം കോടി രൂപ മറികടന്ന് ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ സ്ഥാപനമായി ടിസിഎസ് മാറുകയും ചെയ്തിരുന്നു.
2019 സാന്പത്തികവർഷം ടിസിഎസിന്റെ അറ്റാദായം 450 കോടി ഡോളറായിരുന്നു. ആകെ വരുമാനം 2,100 കോടി ഡോളറും. 1968ൽ ടാറ്റാ സണ്‍സിന്റെ ഒരു ഭാഗമായി തുടങ്ങിയ ടിസിഎസിന് നാളിതുവരെ അറ്റാദായത്തിലും വരുമാനത്തിലും വർധന മാത്രമേയുള്ളൂ. എന്നാൽ, ഐബിഎം പിന്നിട്ട വഴികൾ ഉയർച്ചകളും താഴ്ച്ചകളും നിറഞ്ഞതായിരുന്നു.
1950ലാണ് ഐബിഎം ഇന്ത്യയിലെത്തിയത്. പിന്നീട് 70കളിൽ ഇന്ത്യ വിട്ടു. വീണ്ടും 1992ൽ ടാറ്റാ ഗ്രൂപ്പിന്റെ സഹായത്തോടെ വീണ്ടും ഇന്ത്യയിൽ തിരിച്ചെത്തി. 1997ൽ സ്വതന്ത്ര കന്പനിയായി പ്രവർത്തനം തുടങ്ങി.
ഐബിഎമ്മിനും മുകളിൽ ടിസിഎസ്
10:49 PM Jun 11, 2019 | Deepika.com