ബംഗളൂരു: ഇന്ത്യൻ ഉപയോക്താക്കളെ ലക്ഷ്യമിട്ട് ഗൂഗിൾ മാപ്പ് പുതിയ മൂന്നു ഫീച്ചറുകൾ അവതരിപ്പിച്ചു. റിയൽ ടൈം ബസ് ട്രാവൽ ഇൻഫർമേഷൻ, ലൈവ് ട്രെയിൻ സ്റ്റാറ്റസ്, മിക്സ്ഡ് മോഡ് നാവിഗേഷൻ എന്നിവയാണ് പുതിയ ഫീച്ചറുകൾ.
റിയൽ ടൈം ബസ് ട്രാവൽ ഇൻഫർമേഷൻ
യാത്രയ്ക്ക് ബസ് സർവീസുകളെ ആശ്രയിക്കുന്നവർക്ക് സഹായകരമാണ് ഈ ഫീച്ചർ. ട്രാഫിക് ബ്ലോക്ക് ഉൾപ്പെടെയുള്ള കാരണങ്ങളാൽ ബസ് യാത്രയ്ക്കിടെ തടസങ്ങൾ നേരിട്ടാൽ യാത്ര എത്ര സമയം വൈകും എന്ന് ഈ ഫീച്ചർ കാട്ടിത്തരും. ചുവപ്പ് നിറത്തിലാകും ഈ നോട്ടിഫിക്കേഷൻ നല്കുക. യാത്ര വൈകാൻ സാധ്യതയില്ലെങ്കിൽ, പച്ചനിറത്തിലാകും ലക്ഷ്യസ്ഥാനത്തെത്തുന്ന സമയം കാണിക്കുക.
ലൈവ് ട്രെയിൻ സ്റ്റാറ്റസ്
ദീർഘ ദൂര ട്രെയിൻ സർവീസുകൾ വൈകിയാൽ നോട്ടിഫിക്കേഷൻ നല്കുന്ന ഫീച്ചർ. ജനപ്രിയ ആപ്പായ "വെയർ ഈസ് മൈ ട്രെയിനു'മായി സഹകരിച്ചാണ് ഗൂഗിൾ ഈ ഫീച്ചർ പ്രവർത്തിപ്പിക്കുന്നത്. ഹ്രസ്വദൂര ട്രെയിൻ സർവീസുകളുടെ വിവരങ്ങൾ ഈ ഫീച്ചറിൽ ലഭിക്കില്ല.
മിക്സ്ഡ് മോഡ് നാവിഗേഷൻ വിത്ത് ഓട്ടോറിക്ഷ റെക്കമൻഡേഷൻ
യാത്രയിൽ മെട്രോ സർവീസുകളും ബസും ഓട്ടോറിക്ഷയും ഉപയോഗിക്കുന്നവർക്കുള്ള ആപ്. ലക്ഷ്യസ്ഥാനത്ത് ഏറ്റവും വേഗത്തിലെത്താൻ ഏതു സ്റ്റോപ്പിൽനിന്ന് ഓട്ടോറിക്ഷ തേടണം, എവിടെനിന്നു ബസിൽ കയറണം, മെട്രോയിലെ യാത്ര അവസാനിപ്പിച്ച് ഓട്ടോയോ ബസോ ആശ്രയിക്കേണ്ടത് എവിടെ, തുടങ്ങിയ വിവരങ്ങൾ ഈ ഫീച്ചറിലൂടെ ലഭിക്കും. ഓട്ടോറിക്ഷാക്കൂലി ഏകദേശം എത്രയാണെന്ന് കണക്കാക്കിപ്പറയുകയും ചെയ്യും. ബംഗളൂരു, ചെന്നൈ, കോയന്പത്തൂർ, ഡൽഹി തുടങ്ങി ഏതാനും നഗരങ്ങളിലാണ് ഇപ്പോൾ ഈ ഫീച്ചർ ലഭ്യമായിട്ടുള്ളത്. അധികം വൈകാതെ മറ്റു സ്ഥലങ്ങളിലും പുതിയ ഫീച്ചറുകളെത്തുമെന്നാണ് വിവരം.
ഗൂഗിൾ മാപ്പിൽ മൂന്നു ഫീച്ചറുകൾ കൂടി
12:00 AM Jun 05, 2019 | Deepika.com