നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ്
ഒരിക്കൽ മാത്രം ഫയൽ ചെയ്യേണ്ട ഡിപിറ്റി - 3 റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനുള്ള കാലാവധി ഗവണ്മെന്റ് ജൂണ്‍ 29 വരെ ദീർഘിപ്പിച്ചിരിക്കുന്നു. 22-01-2019ൽ ഇറക്കിയിരുന്ന വിജ്ഞാപനം അനുസരിച്ച് ഇന്ത്യയിൽ ഗവണ്മെന്റ് കന്പനികൾ ഒഴികെയുള്ള എല്ലാ കന്പനികളും 01-04-2014 മുതൽ 22-01-2019വരെ ലഭിച്ചിട്ടുള്ളതും എന്നാൽ, 22-01-2019 ൽ കൊടുക്കുവാനുള്ളതായി നിലനിൽക്കുന്നതും കന്പനി ഡെപ്പോസിറ്റുകൾ എന്ന നിർവചനത്തിൽ ഉൾപ്പെടാത്തതുമായ, സ്വീകരിക്കപ്പെട്ടിട്ടുള്ള എല്ലാ പണത്തിന്റെയും വിവരങ്ങൾ വിജ്ഞാപന തീയതി മുതൽ 90 ദിവസങ്ങൾക്കകം രജിസ്ട്രാർ ഓഫ് കന്പനീസിൽ ഫയൽ ചെയ്തിരിക്കണമായിരുന്നു.
എന്നാൽ ഫയൽ ചെയ്യുന്നതിനുള്ള ഫോമുകൾ പുറത്തിറക്കുന്നതിന് യഥാസമയം ഗവണ്മെന്റിനു സാധിച്ചിട്ടില്ല. അതിനാൽ വിജ്ഞാപനത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തി 01-04-2014 മുതൽ 31-03-2019 വരെയുള്ളതും മുകളിൽ സൂചിപ്പിച്ചിരിക്കുന്നതുമായ എല്ലാ ഇടപാടുകളുടെയും റിട്ടേണുകൾ 2019 മാർച്ച് 31നുശേഷം 90 ദിവസങ്ങൾക്കകം ഫയൽ ചെയ്യണമെന്ന നിർദേശം പുറപ്പെടുവിച്ചു. അതനുസരിച്ച് ഡെപ്പോസിറ്റ് എന്ന നിർവചനത്തിൽവരില്ലാത്ത എല്ലാ പണസ്വീകരണത്തിന്റെയും കണക്കുകൾ ഗവണ്മെന്റ് കന്പനികൾ ഒഴികെയുള്ള എല്ലാ കന്പനികളും, പ്രൈവറ്റ് എന്നോ പബ്ലിക് എന്നോ വ്യത്യാസമില്ലാതെ, 29-06-2019നു മുന്‍പ് എംസിഎ പോർട്ടലിൽ നിർദിഷ്ട ഫയലിംഗ് ഫീസ് അടച്ച് ഫയൽ ചെയ്യേണ്ടതാണ്.
എന്നാൽ, ഡെപ്പോസിറ്റ് എന്ന നിർവചനത്തിൻ കീഴിൽ വരുന്ന എല്ലാ ഡെപ്പോസിറ്റുകളുടെയും വിവരങ്ങൾ ഡിപിറ്റി - 3 എന്ന ഫോമിൽതന്നെ ജൂണ്‍ 30നു മുന്‍പും ഫയൽ ചെയ്യേണ്ടതുണ്ട്.
എന്നാൽ ഡെപ്പോസിറ്റ് എന്ന നിർവചനത്തിൽപ്പെടാത്തതായ ഒരു പണമിടപാടും നടത്തിയിട്ടില്ലാത്ത കന്പനികൾ പ്രസ്തുത വിവരം കാണിച്ചുകൊണ്ട് ഒറ്റത്തവണ ഫയൽ ചെയ്യേണ്ട ഡിപിറ്റി - 3 റിട്ടേണുകൾ ഫയൽ ചെയ്യേണ്ടതില്ല.
ഡിപിറ്റി - 3 ഫയൽ ചെയ്യുന്നതിനുള്ള ഫയലിംഗ് ഫീസ് അടച്ചുതീർത്ത മൂലധനത്തിനെ അടിസ്ഥാനമാക്കി വ്യത്യാസപ്പെട്ടിരിക്കുന്നു.
ഒരു കന്പനി പ്രസ്തുത റിട്ടേണുകൾ സമർപ്പിക്കാതിരിക്കുകയും പക്ഷേ പിന്നീടും പണം സ്വീകരിക്കുകയും ചെയ്താൽ കന്പനി പിഴയൊടുക്കേണ്ടതായി വരും. ഒരു കോടി രൂപയോ സ്വീകരിച്ച പണത്തിന്റെ ഇരട്ടിയോ ഏതാണോ കുറവ് അത്രയും വരുന്ന തുക പിഴയായി ചുമത്തപ്പെടാം. പിഴത്തുക 10 കോടി രൂപ വരെയായി വർധിപ്പിക്കാനുള്ള അധികാരം ഗവണ്മെന്റിനുണ്ട്. കന്പനി അടയ്ക്കുന്ന പിഴ കൂടാതെ ഉത്തരവാദപ്പെട്ട ഓഫീസറും പിഴ അടയ്ക്കേണ്ടതായി വരും. 25 ലക്ഷം രൂപ പിഴയും ഏഴു വർഷത്തിൽ കൂടാതെയുള്ള തടവുശിക്ഷയും ആണ് ഓഫീസർമാരുടെ മേലുള്ള ശിക്ഷ. പ്രസ്തുത പിഴത്തുക രണ്ടു കോടി വരെയായി വർധിപ്പിക്കുന്നതിനുള്ള അധികാരവും ഗവണ്മെന്റിനുണ്ട്.
ഡിപിറ്റി - 3 ഫയൽ ചെയ്യുന്പോൾ ഓഡിറ്ററുടെ സർട്ടിഫിക്കറ്റും അവസാനവർഷത്തിലെ ഓഡിറ്റ് ചെയ്ത ബാലൻസ് ഷീറ്റും ഫയൽ ചെയ്യപ്പെടേണ്ടതുണ്ട്.
01-04-2014നു ശേഷം സ്വീകരിച്ചതും പക്ഷേ പൂർണമായും തിരിച്ചടച്ചതുമായ പണത്തിന്റെ കണക്കുകൾ റിട്ടേണിൽ ചേർക്കേണ്ടതില്ല. എന്നാൽ 01-04-2014നു മുന്‍പ് സ്വീകരിച്ചതും 31-03-2019ൽ കൊടുക്കുവാനുള്ളതായി നിലനിൽക്കുന്നതുമായ പണത്തിന്റെ കണക്കുകൾ പ്രസ്തുത റിട്ടേണിൽ കാണിക്കേണ്ടതുണ്ട്.
എല്ലാ ചെറിയ കന്പനികളും ഒരു വ്യക്തി മാത്രമുള്ള കന്പനികളും പ്രസ്തുത നിയമം അനുസരിക്കാൻ ബാധ്യസ്ഥരാണ്. ഗവണ്മെന്റ് കന്പനികൾക്കു മാത്രമാണ് ഇളവുള്ളത്.
ഡിപിറ്റി 3 കന്പനികൾ സ്വീകരിച്ച പണത്തെപ്പറ്റിയുള്ള വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള തീയതി ജൂണ്‍ 29 വരെ ദീർഘിപ്പിച്ചു
12:11 AM May 27, 2019 | Deepika.com