സാൻഫ്രാൻസിസ്കോ: കഴിഞ്ഞ വർഷം 200 കോടിയിലധികം വ്യാജ അക്കൗണ്ടുകൾ നീക്കം ചെയ്തതായി ടെക് വന്പൻ ഫേസ്ബുക്ക്.
ഇവയിൽ പകുതിയിലധികവും അക്കൗണ്ടുകളും നിർമിച്ചു നിമിഷങ്ങൾക്കുള്ളിൽ ഇല്ലാതാക്കിയവയാണെന്നും ഫേസ്ബുക്ക് അറിയിച്ചു. ലഹരി വില്പന, വ്യഭിചാരം തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്താൻ ഉപയോഗിച്ച ഫേസ്ബുക്ക് അക്കൗണ്ടുകളും നീക്കിയവയിൽപ്പെടുന്നു. ഫേസ്ബുക്കിലെ പരിശോധനകൾ കൂടുതൽ ശക്തമാക്കിയെന്നും ഇതിനായി വലിയ തുകയാണ് മുടക്കുന്നതെന്നും ഫേസ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗ് പറഞ്ഞു.
തങ്ങളുടെ നയങ്ങൾക്കു വിരുദ്ധമായി പ്രവർത്തിക്കുന്ന അക്കൗണ്ടുകൾ കണ്ടെത്താനുപയോഗിക്കുന്ന ആർട്ടിഫിഷൽ ഇന്റലിജൻസ് സംവിധാനം കൂടുതൽ മെച്ചപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കു കൂടുതൽ പരിഗണന നല്കാൻ എൻക്രിപ്ഷൻ ഫീച്ചറുകളുൾപ്പെടെയുള്ള സംവിധാനങ്ങൾ ആവിഷ്കരിക്കാനുള്ള കന്പനിയുടെ തീരുമാനം സുരക്ഷാ പരിശോധനകളെ ദോഷമായി ബാധിക്കുമെന്നുള്ള വിമർശനങ്ങളുമുണ്ട്. സ്വകാര്യതയ്ക്കു കൂടുതൽ പ്രാധാന്യം നൽകുന്പോൾ സുരക്ഷാ പരിശോധനകളിൽ പോരായ്മകൾ വരുമെന്നും പോരായ്മകൾക്കുള്ളിൽനിന്നുകൊണ്ട് പരിശോധന കർക്കശമാക്കുമെന്നും സക്കർബർഗ് പറഞ്ഞു.
നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഫേസ്ബുക്ക് ലൈവിലൂടെ പരസ്യമാക്കുന്നതു തടയാൻ ഫേസ്ബുക്കിനു കഴിയുന്നില്ലെന്നായിരുന്നു പ്രധാന വിമർശനങ്ങളിലൊന്ന്. ന്യൂസിലൻഡ് മോസ്കിൽ കൂട്ടക്കൊല നടത്തിയതു ഫേസ്ബുക്ക് ലൈവിൽ പ്രദർശിപ്പിച്ചതുൾപ്പെടെയുള്ള സംഭവങ്ങൾ വിമർശകർ ചൂണ്ടിക്കാട്ടുന്നു. വിദ്വേഷ പ്രസംഗങ്ങൾ അടങ്ങിയ വീഡിയോകൾ കണ്ടെത്തി നീക്കം ചെയ്യുന്നതിലും ഫേസ്ബുക്ക് പരാജയപ്പെടുകയാണെന്നു വിമർശകർ ആരോപിക്കുന്നു. എന്നാൽ, 2017ൽ നിയമവിരുദ്ധ ഫേസ്ബുക്ക് ലൈ വുകളും വിദ്വേഷ പ്രസംഗങ്ങളും അടക്കമുള്ള 38 ശതമാനം വീഡിയോകളാണ് നീക്കിയതെന്നും 2018 ആയപ്പോഴേക്കും ഇത് 65 ശതമാനമായെന്നും ഫേസ്ബുക്ക് പറഞ്ഞു.
ഫേസ്ബുക്കിന്റെ ഗൂഢ കറൻസി 2020ൽ
ലണ്ടൻ: ഫേസ്ബുക്കിന്റെ ഗൂഢ കറൻസി 2020 ൽ അവതരിപ്പിക്കുമെന്നു റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ടു ഫേസ്ബുക്കിലെ ഉന്നത ഉദ്യോഗസ്ഥർ ഇംഗ്ലണ്ടിലെയും അമേരിക്കയിലെയും ഉന്നത സാന്പത്തികാര്യ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതായും റിപ്പോർട്ടിൽ പറയുന്നു.
സ്റ്റേബിൾ കോയിൻ എന്നായിരിക്കും പേര് എന്നു നേരത്തെ വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഫേസ്ബുക്ക് ഈ കൊമേഴ്സ് രംഗത്തേക്കു കടക്കുന്നതു സ്വാഭാവികപ്രക്രിയ ആണെന്നും വേറൊരു രീതിയിലും അതിനെ കാണേണ്ടതില്ലെന്നും ഫേസ്ബുക്ക് മേധാവി മാർക്ക് സക്കർബർഗ് പറഞ്ഞു.
ഫേസ്ബുക്ക് നീക്കിയത് 200 കോടി വ്യാജ അക്കൗണ്ടുകൾ
11:34 PM May 25, 2019 | Deepika.com