1977 മുതൽ ചെറിയ കുടിയേറ്റങ്ങളോടെ കാനഡമണ്ണിൽ കിളിർത്ത സീറോമലബാർ സഭയെ ദൈവിക പരിപാലനയിൽ 2015 ഓഗസ്റ്റ് ഒന്നിനു സീറോ മലബാർ അപ്പസ്തോലിക് എക്സാർക്കേറ്റായി ഫ്രാൻസിസ് മാർപാപ്പ ഉയർത്തി. 2015 സെപ്റ്റംബർ 19ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. തുടർന്നുള്ള മൂന്നു വർഷക്കാലം ദൈവജനത്തിന്റെയും വൈദികരുടെയും സമർപ്പിതരുടെയും അകമഴിഞ്ഞ കൂട്ടായ പ്രവർത്തനത്തെ അനുഗ്രഹിച്ച ദൈവപരിപാലനയ്ക്ക് എളിമയോടെ നന്ദി.
2018 ഡിസംബർ 22ന് ഫ്രാൻസിസ് പാപ്പാ മിസിസാഗയെ ഒരു രൂപതയായി ഉയർത്തിയപ്പോൾ 39 മാസത്തെ അശ്രാന്തപരിശ്രമങ്ങളെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കുകയായിരുന്നു. ഇന്നു രൂപതയുടെ ഔദ്യോഗിക ഉദ്ഘാടനവും മെത്രാൻ സ്ഥാനാരോഹണവും നടക്കുന്പോൾ പ്രധാന വെല്ലുവിളി കേരളത്തിൽ ആരംഭിച്ച സീറോമലബാർ സഭയെ കനേഡിയൻ സംസ്കാരത്തിൽ വേരുറപ്പിക്കുക എന്നതാണ്.
കേരളത്തിൽ ജനിച്ച് ആ സംസ്കാരത്തിൽ വിശ്വാസരൂപീകരണം സിദ്ധിച്ച്, വർഷങ്ങൾക്കു മുന്പ് സുന്ദരസ്വപ്നങ്ങളുമായി കാനഡയിലേക്കു കുടിയേറിയ സീറോ മലബാർ വിശ്വാസികൾ വളരെ നേട്ടങ്ങൾ സ്വന്തമാക്കിയെന്നതിൽ അഭിമാനിക്കാം. കഴിഞ്ഞ മൂന്നു വർഷങ്ങളിലെ നമ്മുടെ അജപാലന പ്രവർത്തനങ്ങളിലെ മുൻഗണന കാനഡയിൽ ചിതറിക്കിടക്കുന്ന ദൈവജനത്തെ കണ്ടെത്തി ആരാധനാ സമൂഹങ്ങൾ രൂപപ്പെടുത്തലായിരുന്നു. അതിനു വിശ്വാസികൾ ഓരോരുത്തരുടെയും നേതൃത്വവും സഹകരണവും അദ്ഭുതാവഹമായിരുന്നു. അതു തുടരുന്പോൾ തന്നെ ഇനിയുള്ള അജപാലന മുൻഗണന വിശ്വാസിസമൂഹത്തെ ശക്തിപ്പെടുത്തൽ ആകണം. എങ്കിൽ മാത്രമേ, ആത്യന്തിക ലക്ഷ്യമായ സുവിശേഷവത്കരണവും അതുവഴി ആത്മരക്ഷയും സാധ്യമാകൂ.
സാംസ്കാരിക ആഘാതം
പ്രവാസിതലമുറയിലൂടെ ഇന്ന് അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന സഭയെ ഏറ്റുവാങ്ങേണ്ടത് ഈ മണ്ണിൽ ജനിച്ചുവളർന്ന പുതുതലമുറയാണ്. മക്കളുടെ ബൗദ്ധികമായ വളർച്ചയോടൊപ്പം തങ്ങളുടെ വിശ്വാസപൈതൃകംകൂടി അവർ ഏറ്റുവാങ്ങുന്നതിന് മാതാപിതാക്കൾ ആത്മാർഥമായി പരിശ്രമിക്കുന്നുണ്ട്. എന്നാൽ, ഈ സംസ്കാരത്തിൽ വ്യക്തിത്വരൂപീകരണം സിദ്ധിച്ച് വളരുന്ന തങ്ങളുടെ മക്കൾക്ക് പൂർവികരിൽനിന്നു കിട്ടിയ വിശ്വാസപൈതൃകം പകർന്നു നല്കുന്നത് എങ്ങനെയെന്നതു മാതാപിതാക്കൾക്ക് വലിയ വെല്ലുവിളിയായി അനുഭവപ്പെടുന്നു. സാംസ്കാരികമായ അകലം സൃഷ്ടിക്കുന്നത് ഒട്ടും ചെറുതല്ലാത്ത സാംസ്കാരികമായ ആഘാതമാണ്. ഇവിടെയാണു വ്യക്തമായ ദിശാബോധത്തോടെയുള്ള അജപാലന പദ്ധതികൾ ആസൂത്രണം ചെയ്തു വിജയപ്രദമായി നടപ്പിലാക്കേണ്ടതിന്റെ അനിവാര്യത.
മാതാപിതാക്കളുടെ ഏറ്റവും വലിയ സന്പാദ്യമാണു മക്കൾ. കാനഡയിലെ മലയാളിക്കുട്ടികൾ ഇന്നു ജീവിക്കുന്നതു രണ്ടു സംസ്കാരങ്ങൾക്കിടയിലാണ്. വീട്ടിൽ കേരളത്തനിമയും വിദ്യാലയങ്ങളിലും പൊതു ഇടങ്ങളിലും കനേഡിയൻ സംസ്കാരവും അവർ പുലർത്തേണ്ടിവരുന്നു. നിർഭാഗ്യവശാൽ അവരിൽ മിക്കവർക്കും ഒന്നിന്റെയും ഭാഗമായി തീരാൻ സാധിക്കുന്നില്ല. ഒന്നിനെയും സ്വന്തമായി സ്നേഹിക്കാനോ സ്വീകരിക്കാനോ സാധിക്കുന്നില്ല. ഇതു സൃഷ്ടിക്കുന്ന ആഘാതം കൊണ്ടെത്തിക്കുന്നത് ഒരു ശൂന്യതാബോധത്തിലേക്കും അതുവഴിയുണ്ടാകുന്ന വ്യക്തിത്വ പ്രതിസന്ധിയിലേക്കുമാണ്.
വേരുറപ്പിക്കൽ
ആദ്യതലമുറയെ ഉൾക്കൊണ്ടുകൊണ്ടുതന്നെ പുതുതലമുറയെ ഈ മണ്ണിൽ വേരുറപ്പിക്കലാണു രൂപതയുടെ ആദ്യവർഷങ്ങളിലെ പ്രധാന മുൻഗണന. അതായത് അവരെ കാരുണ്യപൂർവം അനുധാവനം ചെയ്ത്, നാളത്തെ സഭയുടെ നേർധാരയിലെത്തിച്ച്, കാനഡയിലെ മണ്ണിൽ സഭയുടെ ഉപ്പും പുളിമാവുമായി രൂപാന്തരപ്പെടുത്തലാണ്. അതിനു നാം പുതുതലമുറയെ ശ്രവിക്കേണ്ടതുണ്ട്. നമ്മുടെ അജപാലനസംവിധാനങ്ങളിൽ അവർക്ക് അർഹമായ ഇടം ഉറപ്പുവരുത്തണം. എങ്കിൽ മാത്രമേ, അവർ ഈ മണ്ണിലെ സഭയായി വേരുറയ്ക്കുകയുള്ളൂ.
വളർച്ച - കൂട്ടായ്മയിലുള്ള പങ്കാളിത്തം
ഈ മണ്ണിൽ വേരുറച്ചവർ അജപാലന ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുന്നതിനു പ്രത്യേകം ശ്രദ്ധിക്കണം. അതിനു നമ്മുടെ രൂപതയിലെ എല്ലാ ശുശ്രൂഷാതലങ്ങളിലും അവരുടെ സജീവപങ്കാളിത്തം ഉറപ്പുവരുത്തണം. അപ്പോൾ മാത്രമേ സഭ അവരുടെ സ്വന്തമെന്നുള്ള അവബോധത്തിലേക്ക് വളർന്നുവരികയുള്ളൂ. സ്വന്തമായതിനെ മാത്രമേ ആരും സ്നേഹിക്കാനും വളർത്താനും ശ്രമിക്കൂ.
ഫലം പുറപ്പെടുവിക്കൽ
ഈ മണ്ണിൽ നമ്മുടെ ഇപ്പോഴത്തെ പ്രവർത്തനങ്ങൾ ഏവരും വലിയ അദ്ഭുതത്തോടും അഭിമാനത്തോടുംകൂടെ വീക്ഷിക്കുന്നുണ്ട്. എന്നാൽ, നമ്മുടെ സഭയ്ക്ക് ഇടതൂർന്ന ഇലകളുടെ സമൃദ്ധി മാത്രം പോരാ, യേശു പ്രതീക്ഷിക്കുന്ന ഫലം പുറപ്പെടുവിച്ചേ മതിയാകൂ (മർക്കോസ് 11, 12-14). നമ്മുടെ വിശ്വാസം നമ്മുടെ അനുദിന ജീവിതത്തിലെ പ്രവൃത്തികളായി രൂപാന്തരപ്പെടണം. മനുഷ്യർ നിങ്ങളുടെ സത്പ്രവൃത്തികൾ കണ്ട് സ്വർഗസ്ഥനായ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിനു നിങ്ങളുടെ വെളിച്ചം അവരുടെ മുന്പിൽ പ്രകാശിക്കട്ടെ (മത്തായി 5, 16).
കാനഡയുടെ മണ്ണിൽ വിശ്വാസത്തിന്റെ പ്രകാശഗോപുരമായി മിസിസാഗ രൂപത മാറണം. പിതാവിന്റെ പ്രേഷിതനായി ഈ ഭൂമിയിൽ അവതരിച്ച നല്ല ഇടയനായ യേശുവിനെപ്പോലെ വിശ്വാസത്തിന്റെ ഇടയന്മാരായി മാറാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു. അതിനു യേശുവിന്റെ പ്രേഷിതാഹ്വാനം (മത്തായി 28, 16-20) നാം ഏറ്റെടുക്കണം. സുവിശേഷ പ്രഘോഷണവും സുവിശേഷാനുസൃത ജീവിതവും സുവിശേഷവത്കരണവും ആത്മരക്ഷയും നമ്മുടെ ലക്ഷ്യങ്ങളായി മാറണം.
ബിഷപ് മാർ ജോസ് കല്ലുവേലിൽ
സീറോമലബാർ മിസിസാഗ രൂപത കനേഡിയൻ സംസ്കാരത്തിൽ
12:54 AM May 25, 2019 | Deepika.com