ഇസ്ലാമാബാദ്: പൊതു തെരഞ്ഞെടുപ്പിൽ ഉജ്വല വിജയം നേടിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അഭിനന്ദിച്ചു. മേഖലയിലെ സമാധാനത്തിനും അഭിവൃദ്ധിക്കുമായി ഒരുമിച്ചു പ്രവർത്തിക്കാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെയും സഖ്യ കക്ഷികളുടെയും വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഞാൻ അഭിനന്ദിക്കുന്നു. ദക്ഷിണേഷ്യയുടെ സാമാധത്തിനും പുരോഗതിക്കും അഭിവൃദ്ധിക്കുമായി അദ്ദേഹത്തിനൊപ്പം ഒരുമിച്ചു പ്രവർത്തിക്കും-ഖാൻ ട്വീറ്റ് ചെയ്തു.
മോദിയുടെ പാർട്ടി അധികാരത്തിലെത്തിയാൽ സമാധാന ചർച്ചകൾക്കുള്ള അവസരമുണ്ടെന്നും കാഷ്മീർ പ്രശ്നം പരിഹരിക്കാൻ സാധിക്കുമെന്നും ഏപ്രിലിൽ ഖാൻ പറഞ്ഞിരുന്നു. ഫെബ്രുവരി14 ലെ പുൽവാമ ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് സൈനികർ കൊല്ലപ്പെട്ടതിനെത്തുടർന്ന് ഇന്ത്യ-പാക് സംഘർഷം ഉടലെടുത്തിരുന്നു.
ഫെബ്രുവരി 26ന് ഇന്ത്യൻ വ്യോമസേന പാക്കിസ്ഥാനിലെ ബാലാകോട്ടിലെ ഭീകരക്യാന്പുകൾ തകർത്തിരുന്നു. പിറ്റേന്ന് പ്രത്യാക്രമണം നടത്തിയ പാക് യുദ്ധവിമാനം വീഴ്ത്തുന്നതിനിടെ ഇന്ത്യയുടെ മിഗ്21 തകർന്ന് പൈലറ്റ് പാക് പിടിയിലായി. ഇന്ത്യയുടെ നയതന്ത്രനീക്കത്തെത്തുടർന്ന് പൈലറ്റിനെ വിട്ടയച്ചു.
മോദിയെ ഇമ്രാൻ അഭിനന്ദിച്ചു, സമാധാനത്തിനായി ഒന്നിക്കാമെന്ന് വാഗ്ദാനം
02:47 AM May 24, 2019 | Deepika.com