കാഠ്മണ്ഡു: കാമി റിത ഷെർപ്പയ്ക്ക് എവറസ്റ്റ് കീഴടക്കി മടുക്കുന്നില്ല. ഒരാഴ്ചയ്ക്കകം അദ്ദേഹം സ്വന്തം റിക്കാർഡ് തിരുത്തി. ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി 24-ാം വട്ടവും കീഴടക്കി.
ഇന്ത്യയിൽനിന്നുള്ള പോലീസ് സംഘത്തെ നയിച്ച റിത ഇന്നലെയാണ് 8848 മീറ്റർ ഉയരത്തിലെത്തിയത്. മേയ് പതിനഞ്ചിനായിരുന്നു റിതയുടെ 23-ാം എവറസ്റ്റ് കീഴടക്കൽ. ഇതുകൊണ്ടും റിത അവസാനിപ്പിക്കില്ല. കുറഞ്ഞത് ഇരുപത്തഞ്ചുവട്ടമെന്ന സ്വപ്നം പൂർത്തിയാക്കുമെന്ന് അദ്ദേഹം പറയുന്നു.
അന്പതു വയസുണ്ട് റിതയ്ക്ക്. 1994 മുതൽ എവറസ്റ്റ് കീഴടക്കാനെത്തുന്നവരുടെ വഴികാട്ടിയാണ്. തുടർന്നിങ്ങോട്ടുള്ള മിക്കവാറും എല്ലാ വർഷവും റിത എവറസ്റ്റിനു മുകളിലെത്തിയിട്ടുണ്ട്.
2017ൽ 21-ാം വട്ടം എവറസ്റ്റ് കീഴടക്കി അപ്പാ ഷെർപ്പ, പൂർബ താഷി ഷെർപ്പ എന്നിവരുടെ റിക്കാർഡിനൊപ്പമെത്തി.
എണ്ണായിരം മീറ്ററിനു മുകളിൽ ഉയരമുള്ള കെ2, ചോ-ഒയു, ലോസ്റ്റെ, അന്ന പൂർണ കൊടുമുടികളും റിത കീഴടക്കിയിട്ടുണ്ട്.
റിത ഷെർപ്പ 24-ാം വട്ടവും എവറസ്റ്റ് കീഴടക്കി
12:18 AM May 22, 2019 | Deepika.com