ജോഹാന്നസ്ബെർഗ്: ഹോളിവുഡ് നടനും മുൻ കലിഫോർണിയ ഗവർണറുമായ അർണോൾഡ് ഷ്വാർസ്നെഗറിനു നേർക്ക് ആക്രമണം. ‘അർണോൾഡ് ക്ലാസിക് ആഫ്രിക്ക’ എന്ന പേരിൽ ദക്ഷിണാഫ്രിക്കയിലെ ജോഹാന്നസ്ബെർഗിൽ നടക്കുന്ന കായികമേളയ്ക്കിടെയായിരുന്നു സംഭവം. പിരിയിളകിയ ആരാധകനാണ് പ്രശസ്തിക്കുവേണ്ടി അർണോൾഡിനെ പിന്നിൽനിന്നു തൊഴിച്ചതെന്നു മേളയുടെ സംഘാടകർ പറഞ്ഞു.
അർണോൾഡ് കായികമത്സരങ്ങൾ ഫോണിൽ പകർത്തുന്നതിനിടെ ആരാധകൻ പിന്നിൽനിന്ന് ഒാടിവന്ന് ചാടി തൊഴിക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻതന്നെ അക്രമിയെ പിടിച്ചുമാറ്റി. മുൻ ബോഡി ബിൽഡർ കൂടിയായ അർണോൾഡ് ആക്രമണത്തിൽ ഉലഞ്ഞില്ല. ആൾക്കൂട്ടത്തിനിടയിൽ തള്ളുകിട്ടിയതാണെന്നാണ് ആദ്യം കരുതിയതെന്നും വീഡിയോ കണ്ടപ്പോഴാണ് തൊഴി കിട്ടിയകാര്യം മനസിലായതെന്നും അദ്ദേഹം പിന്നീട് പറഞ്ഞു.
സംഭവത്തിന്റെ വീഡിയോ അർണോൾഡ് തന്നെയാണ് പിന്നീട് സ്നാപ്ചാറ്റിൽ പോസ്റ്റ് ചെയ്തത്. ആ മണ്ടൻ തന്റെ സ്നാപ്ചാറ്റ് തടസപ്പെടുത്താതിരുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഷ്വാർസ്നെഗറെ തൊഴിച്ച ആരാധകൻ അറസ്റ്റിൽ
01:13 AM May 20, 2019 | Deepika.com