വാഷിംഗ്ടൺ ഡിസി: ഇറാക്കിലുള്ള യുഎസ് ജീവനക്കാരിൽ അടിയന്തര ആവശ്യമില്ലാത്തവർ ഉടൻ മടങ്ങാൻ നിർദേശം. ഇറാനുമായി സംഘർഷസാധ്യത വർധിച്ച പശ്ചാത്തലത്തിലാണ് യുഎസ് സ്റ്റേറ്റ് ഡിപാർട്ട്മെന്റ് ഈ നിർദേശം നല്കിയത്.
ബാഗ്ദാദിലെ എംബസിയിലും ഏർബിലിലെ കോൺസുലേറ്റിലുമുള്ള ജീവനക്കാർ ഉടൻ മടങ്ങാനാണു നിർദേശം. ഇതോടെ ഇരു കാര്യാലയങ്ങളും ഭാഗികമായി അടയ്ക്കപ്പെടും. വീസ സേവനങ്ങൾ താത്കാലികമായി നിർത്തിവയ്ക്കും. ഇറാക്കിലെ യുഎസ് പൗരന്മാർക്ക് അടിയന്തര സേവനങ്ങൾ നല്കാൻ ബുദ്ധിമുട്ടായിരിക്കുമെന്നു സ്റ്റേറ്റ് ഡിപാർട്ട്മെന്റ് വ്യക്തമാക്കി.
യുഎസ് പൗരന്മാർ ഇറാക്ക് സന്ദർശനം ഒഴിവാക്കണമെന്ന മുന്നറിയിപ്പ് ഞായറാഴ്ച പുറപ്പെടുവിച്ചിരുന്നു.
ഇറാക്കിൽ ഇറാനുള്ള സ്വാധീനം കണക്കിലെടുത്താണ് ഈ നടപടികൾ. തെക്കൻ ഇറാക്കിലെ ഷിയാ ഭൂരിപക്ഷത്തെ സ്വാധീനി ക്കാൻ ഇറാനാകും. ഇറാന്റെ പിന്തുണയോടെ കഴിഞ്ഞ വർഷം നടന്ന പ്രക്ഷോഭത്തെത്തുടർന്ന് ബസ്രയിലെ യുഎസ് കോൺസുലേറ്റ് അടച്ചിരുന്നു.
ജർമനി തങ്ങളുടെ പട്ടാളക്കാർക്ക് ഇറാക്കിൽ പരിശീലനം നല്കുന്ന പരിപാടിയും റദ്ദാക്കിയിട്ടുണ്ട്.
പോംപിയോ ഉറപ്പൊന്നും നല്കിയില്ല: റഷ്യ
മോസ്കോ: പശ്ചിമേഷ്യയിൽ സംഘർഷസാധ്യത വർധിച്ചത് ഉത്കണ്ഠാജനകമാണെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ റഷ്യയിലെത്തി പ്രസിഡന്റ് വ്ലാദിമിർ പുടിനെ കണ്ടതിനു പിറ്റേന്നു മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘർഷം ലഘൂകരിക്കാനുള്ള ഉറപ്പൊന്നും പോംപിയോയിൽനിന്നു ലഭിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാനിൽനിന്നുള്ള ആക്രമണസാധ്യത വളരെ വ്യക്തമായ സാഹചര്യത്തിലാണ് തന്റെ സന്ദർശനമെന്നും ഇറാനുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും പോംപിയോ പറഞ്ഞു.
ആഗോള സന്പദ്വ്യവസ്ഥയ്ക്കു നേർക്കുള്ള ആക്രമണം:സൗദി
ജിദ്ദ: എണ്ണ പന്പിംഗ് കേന്ദ്രങ്ങൾക്കും ടാങ്കറുകൾക്കും നേർക്കുണ്ടായ ആക്രമണം ആഗോള സന്പദ്വ്യവസ്ഥയെയും എണ്ണ വിതരണത്തെയും ലക്ഷ്യമിടുന്നതായി സൗദി ചൂണ്ടിക്കാട്ടി. ചൊവ്വാഴ്ച പന്പിംഗ് സ്റ്റേഷനുകൾക്കു നേർക്ക് ആക്രമണം നടന്നശേഷം സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ സൗദി കാബിനറ്റ് പ്രത്യേക യോഗം ചേർന്ന് കാര്യങ്ങൾ വിലയിരുത്തി.
ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൗതി വിമതരാണ് കിഴക്കു പടിഞ്ഞാറൻ സൗദിയിലെ രണ്ട് പന്പിംഗ് സ്റ്റേഷനുകളിൽ ഡ്രോൺ ഉപയോഗിച്ച് ആക്രമണം നടത്തിയത്. അതിനു മുന്പ് സൗദിയുടെ രണ്ടെണ്ണം അടക്കം നാല് എണ്ണ ടാങ്കറുകൾക്കു നേർക്ക് ആക്രമണം നടന്നിരുന്നെങ്കിലും ആരാണു പിന്നിലെന്നു വ്യക്തമല്ല.
ഇറാക്കിലെ യുഎസ് ജീവനക്കാർ മടങ്ങാൻ നിർദേശം
12:00 AM May 16, 2019 | Deepika.com