ന്യൂഡൽഹി: രണ്ടു പുതിയ സ്മാർട്ട്ഫോണുകൾ വൺ പ്ലസ് വിപണിയിൽ അവതരിപ്പിച്ചു. ആദ്യമായാണ് രണ്ടു വേരിയന്റുകൾ വൺപ്ലസ് ഒരുമിച്ച് അവതരിപ്പിക്കുന്നതെന്ന പ്രത്യേകതയമുണ്ട്. വൺ പ്ലസ് 7, 7 പ്രോ എന്നീ വേരിയന്റുകൾ അവതരിപ്പിച്ചതിൽ 7 പ്രോ അൾട്രാ പ്രീമിയം സ്മാർട്ട്ഫോൺ വിഭാഗത്തിലാണ് ഉൾപ്പെടുക. രണ്ടു വേരിയന്റുകളും തമ്മിൽ 16,000 രൂപയുടെ വ്യത്യാസവുമുണ്ട്.
മുൻഗാമിയായ വൺപ്ലസ് 6ടിയുടെ പരിഷ്കരിച്ച പതിപ്പാണ് വൺപ്ലസ് 7. വില 32,999 രൂപ. കഴിഞ്ഞ വർഷം നവംബറിൽ അവതരിപ്പിച്ച 6ടിയേക്കാളും വിലക്കുറവുണ്ട്. അതേസമയം, വൺപ്ലസ് 7 പ്രോയ്ക്ക് 48,999 രൂപയാണ് വില. രണ്ടു വേരിയന്റുകൾ തമ്മിൽ വിലയിൽ വലിയ അന്തരമുള്ളപ്പോൾ എന്തായിരിക്കാം കൂടുതലായി ഉൾപ്പെടുത്തിയിരിക്കുക?
6.67 ഇഞ്ച് കർവ്ഡ് അമോൽഡ് ഡിസ്പ്ലേ, പോപ്അപ് ഫ്രണ്ട് കാമറ തുടങ്ങിയവ എടുത്തുപറയാം. കൂടാതെ, അതിവേഗമുള്ള സ്നാപ്ഗ്രാഗൺ 855 ചിപ്സെറ്റാണ് കരുത്ത്. ഒപ്പം 6 ജിബി റാമുണ്ട്. യുഎഫ്എസ് 3.0 സ്റ്റോറേജും പ്രോയ്ക്കു നല്കിയിരിക്കുന്നു. ലോകത്തിൽ ആദ്യമായി യുഎഫ്എസ് 3.0 സ്റ്റോറേജ് ഉപയോഗിക്കുന്ന സ്മാർട്ട്ഫോൺ എന്ന പേരും ഇതോടെ 7 പ്രോയ്ക്കു സ്വന്തം. അതിവേഗം ഡാറ്റാ കോപ്പി ചെയ്യാനും തുറക്കാനുമെല്ലാം സാധ്യമാക്കുകയാണ് യുഎഫ്എസ് 3.0 ചെയ്യുക. സാധാരണ സ്മാർട്ട്ഫോണുകളിൽ യുഎഫ്എസ് 2.1 സ്റ്റോറേജ് ആണ് ഉപയോഗിച്ചുവരുന്നത്.
48 എംപി സോണി കാമറ, 16 എംപി വൈഡ് ആംഗിൾ കാമറ, 8 എംപി ടെലിഫോട്ടോ കാമറ എന്നിവയാണ് പിൻ കാമറകൾ. വൺപ്ലസ് 7നിൽ 48 എംപി കാമറ മാത്രമേയുള്ളൂ.
വൺപ്ലസ് 7 പ്രോയുടെ വില 48,999 രൂപ
11:00 PM May 15, 2019 | Deepika.com