വാഷിംഗ്ടൺ ഡിസി: മുൻ വൈസ് പ്രസിഡന്റ് ജോ ബൈഡൻ 2020ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി ടിക്കറ്റിൽ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ചു. ഒരുതവണകൂടി ട്രംപ് അധികാരത്തിൽ വന്നാൽ അമേരിക്കയുടെ ആത്മാവ് അപകടത്തിലാവുമെന്നും ഇതാണു മത്സരത്തിനിറങ്ങാൻ തന്നെ പ്രേരിപ്പിച്ചതെന്നും ട്വിറ്ററിൽ പോസ്റ്റു ചെയ്ത വീഡിയോയിൽ അദ്ദേഹം വ്യക്തമാക്കി .
ഒബാമയുടെ കാലത്ത് വൈസ് പ്രസിഡന്റായിരുന്ന ബൈഡൻ നേരത്തെയും രണ്ടു തവണ ടിക്കറ്റിനു ശ്രമിച്ചതാണ്. രാജ്യത്തിന്റെ അടിസ്ഥാന സ്വഭാവം മാറ്റിമറിക്കാൻ ട്രംപ് ശ്രമിക്കുന്ന സാഹചര്യത്തിൽ നിസംഗത പാലിക്കാനാവില്ലെന്നു ബൈഡൻ ചൂണ്ടിക്കാട്ടി.രാജ്യം കാത്തുസൂക്ഷിക്കുന്ന മൂല്യങ്ങൾ, ലോക സമൂഹത്തിൽ നമ്മുടെ പദവി, ജനാധിപത്യം തുടങ്ങി അമേരിക്കയെ അമേരിക്കയാക്കുന്ന എല്ലാം അപകടത്തിലാണെന്ന് അദ്ദേഹം പരിതപിച്ചു. ബേണി സാൻഡേഴ്സ്, എലിസബത്ത് വാറൻ, കമലാ ഹാരീസ് തുടങ്ങി പത്തൊന്പതു സ്ഥാനാർഥി മോഹികളെ പരാജയപ്പെടുത്തിയാലേ ബൈഡന് ഡെമോക്രാറ്റിക് പാർട്ടി ടിക്കറ്റ് ഉറപ്പാവൂ. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റ് എന്ന ബഹുമതി 76കാരനായ ബൈഡനു കിട്ടും.
ഇതിനിടെ ബൈഡന്റെ സ്ഥാനാർഥി മോഹത്തെ പരിഹസിച്ച് ട്രംപിന്റെ ട്വീറ്റും പുറത്തുവന്നു. ഉറക്കംതൂങ്ങിയായ ജോയ്ക്ക് വിജയകരമായി പ്രൈമറി പൂർത്തിയാക്കാനുള്ള ബുദ്ധിവൈഭവം ഉണ്ടാവുമെന്നു പ്രതീക്ഷിക്കുന്നു. പ്രൈമറി ജയിച്ചാൽ അപ്പോൾ നേരിട്ടുകൊള്ളാമെന്നും ട്രംപ് പറഞ്ഞു.
വൈറ്റ്ഹൗസ് മോഹവുമായി വീണ്ടും ജോ ബൈഡൻ
11:40 PM Apr 25, 2019 | Deepika.com